ബീജിംഗ്: കൊറോണ വൈറസ് ബാധ കടുത്ത ഭീഷണി സൃഷ്ടിച്ച ചൈനയിൽ പക്ഷിപ്പനിയും വ്യാപകമാകുന്നതായി റിപ്പോർട്ട്. കൊറോണ ബാധയുടെ കേന്ദ്രമായ വുഹാൻ നഗരത്തിന് സമീപമുള്ള ഷുവാംഗ് ചിംഗിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഷുവാംഗ് ചിംഗിലെ ഒരു ഫാമിലാണ് പക്ഷിപ്പനി ബാധ റിപ്പോർട്ട് ചെയ്തത്. ഇവിടെയുണ്ടായിരുന്ന 7850 കോഴികളിൽ 4500 എണ്ണവും രോഗ ബാധയെ തുടർന്ന് ചത്തു. രോഗബാധ സംശയിക്കുന്ന ഫാമുകളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് അധികൃതരെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ പക്ഷിപ്പനി മനുഷ്യരിലേക്ക് നിലവിൽ പകർന്നിട്ടില്ലെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കുന്നു. രോഗപ്പകർച്ച തടയാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു വരുന്നതായും ഇവർ വ്യക്തമാക്കുന്നു. അതേസമയം മാരകമായ കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണം 300 കടന്നു. ആശുപത്രികളിൽ രോഗികളുടെ നീണ്ട നിരകളാണ് രൂപപ്പെടുന്നത്.
അക്ഷമരായ രോഗികൾ ഡോക്ടർമാരെ ആക്രമിക്കുന്നതും വൈകാരികമായി പ്രതികരിച്ച് ആശുപത്രികൾക്ക് കേടുപാടുകൾ വരുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ രോഗബാധ തടയാൻ വിശ്രമം പോലും മറന്ന് രാപകലില്ലാതെ ജോലി ചെയ്യുന്ന തങ്ങളുടെ നേർക്കുണ്ടാകുന്ന ആക്രമണങ്ങളിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിക്കുന്നു.
Discussion about this post