ആളൂര്‍: കള്ളനോട്ടുകളുമായി കാസര്‍ഗോഡ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭീമനടി മാങ്ങോട് സ്വദേശി കിള്ളിമല വീട്ടില്‍ രഞ്ജിത്ത് (30) ആണ് കല്ലേറ്റുംകരയില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഇയാള്‍ ചുറ്റിക്കറങ്ങുന്നത് ഷാഡോ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച 500 രൂപയുടെ 63 കള്ളനോട്ടുകള്‍ കണ്ടെത്തിയത്.
ഒറിജിനല്‍ നോട്ട് വാങ്ങി പകരം ഇരട്ടി മൂല്യമുള്ള വ്യാജനോട്ട് നല്കുന്ന രീതിയിലാണ് കള്ളനോട്ടുകള്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ആവശ്യക്കാര്‍ക്ക് കൈമാറാന്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
കല്ലേറ്റുംകര, ആളൂര്‍, കൊടകര മേഖലയില്‍ കള്ളനോട്ടുകള്‍ വ്യാപകമായി ലഭിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര മേഖലയില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കി.
Discussion about this post