ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ തീവ്രവാദ സംഘടനയുമായുള്ള കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയില്ലെന്ന് സോണിയാ ഗാന്ധി. കരാര്‍ ചരിത്രപരമാണ്. പക്ഷേ ഈ പ്രദേശത്തെ സര്‍ക്കാരുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കൂട്ടാക്കാത്ത കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ ധാര്‍ഷ്ട്യമാണ് കാണിച്ചത്. ഇത് അവിടുത്തെ ജനങ്ങളേയും സര്‍ക്കാരുകളേയും അപമാനിക്കുന്നതാണ്. സോണിയ കുറ്റപ്പെടുത്തി. നമ്മുടെ സംസ്ഥാന മുഖ്യമന്ത്രിമാരെ വിശ്വാസത്തിലെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കരാറിലേര്‍പ്പെടുന്നതിന് മുമ്പ് മണിപ്പുര്‍, അസം, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്താത്തത് തികച്ചും നിരാശാജനകമാണ് അവര്‍ പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം പഴക്കമുള്ള സായുധകലാപത്തിന് അന്ത്യം കുറിച്ച് നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്(ഐ.എം.) എന്ന തീവ്രവാദ സംഘടനയും കേന്ദ്രസര്‍ക്കാറും തമ്മില്‍ സമാധാനക്കരാറില്‍ ഒപ്പിട്ടത്.. 1997ല്‍ തുടങ്ങിയ ചര്‍ച്ചകള്‍ക്കാണ് തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ അവസാനമായത്.
Discussion about this post