തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന കുട്ടികള്‍ക്കുളള പാരസെറ്റാമോള്‍ 125 എംജി സിറപ്പില്‍ 95% ആല്ക്കഹോളെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന് വിതരണം നിര്‍ത്തിവെക്കാനും, സിറപ്പുകള്‍ തിരിച്ചെടുക്കാനും കേരള മെഡിക്കല്‍ സര്‍വിസ് കോര്പ്പറേഷന് അടിയന്തര നിര്‍ദേശം നല്കി. മഞ്ചേരി മെഡിക്കല്‍ കോളെജ് സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
കേരളാ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് വഴി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്നരലക്ഷത്തോളം വരുന്ന പാരസെറ്റാമോള്‍ സിറപ്പുകളാണ് നിലവില്‍ വിതരണം ചെയ്തിരിക്കുന്നത്. അഞ്ചുവയസില്‍ താഴെ പ്രായമുളള കുട്ടികള്‍ക്കായി ഡോക്റ്ററുടെ നിര്‍ദേശ പ്രകാരം സൗജന്യമായി നല്‍കുന്നതാണ് പാരസെറ്റാമോള്‍ സിറപ്പ്. നാഗ്പൂര്‍ ആസ്ഥാനമായ കമ്പനി എത്തിച്ച സിറപ്പില്‍ പാരാസെറ്റാമോള്‍ ലയിക്കുവാന്‍ ഉപയോഗിക്കേണ്ട പാരാഹൈഡ്രോക്സി ബെന്സണേറ്റ് എന്ന രാസവസ്തുവിന് പകരം ആല്‍ക്കഹോളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post