ഡല്‍ഹി: ലോകമാകെ ചര്‍ച്ച ചെയ്ത ചില സുപ്രധാന കോടതി വിധികളെ രാജ്യത്തെ 130 കോടി ജനങ്ങളും പൂര്‍ണ മനസോടെ സ്വീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച രാജ്യാന്തര ജുഡീഷ്യല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ലിംഗനീതി സാധ്യമാകാതെ സമഗ്രമായ വികസനം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്ന് ഒരു രാജ്യത്തിനും അവകാശപ്പെടാന്‍ സാധിക്കില്ല. എന്നാല്‍ മുത്തലാഖ് നിരോധന നിയമം, ട്രാന്‍സ്ജെന്‍ഡേഴ്സിന്റേയും ഭിന്നശേഷിക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ അങ്ങനെ രാജ്യത്ത് ലിംഗനീതി ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
അയോധ്യ ഉള്‍പ്പെടെ നിര്‍ണായക വിഷയങ്ങളില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ കോടതിവിധികളെ സൂചിപ്പിച്ചാണ് മോദിയുടെ പരാമര്‍ശം. ഒരു വിധത്തിലുളള ആശങ്കകളും ഇല്ലാതെയാണ് രാജ്യത്തെ 130 കോടി ജനങ്ങള്‍ സുപ്രീംകോടതിയില്‍ നിന്ന് അടുത്തകാലത്ത് ഉണ്ടായ സുപ്രധാന വിധികളെ പൂര്‍ണ മനസോടെ സ്വീകരിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളുടെ പങ്കാളിത്തം സൈനിക സേവനത്തില്‍ ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ മോദി ചൂണ്ടിക്കാട്ടി. പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിച്ചതും മോദി ചൂണ്ടിക്കാട്ടി.
ബ്രിട്ടന് സുപ്രീം കോടതി പ്രസിഡന്റ് ലോര്‍ഡ് റോബര്‍ട്ട് ജോണ്‍ റീഡ് ഉള്‍പ്പടെ വിദേശ രാജ്യങ്ങളിലെ 20-ല്‍ അധികം ന്യായാധിപന്മാര് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസാരിക്കും.
Discussion about this post