വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു. ദ്വിദിന ഇന്ത്യ സന്ദര്‍ശനത്തിനായി ട്രംപിനോടൊപ്പം ഭാര്യ മെലനിയ, മകള്‍ ഇവാങ്ക, മരുമകനും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാറെദ് കഷ്നര്‍ അടക്കം ഉന്നതസംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
മോദി എന്റെ സുഹൃത്താണ്. ഇന്ത്യയില്‍ മോദി ഒരുക്കിയ രാജകീയ സ്വീകരണത്തിനായി കാത്തിരിക്കുകയാണെന്ന് യാത്രക്ക് മുമ്പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷക്കണക്കിന് പേരാണ് തന്നെ കാണാനായി കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച ഉച്ചക്ക് 11.40തോടെ ട്രംപ് അഹമ്മദാബാദില്‍ വിമാനമിറങ്ങും. 12.15ന് സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. അഹ്മദാബാദ് സ്റ്റേഡിയത്തില്‍ ഉച്ചക്ക് 1.05ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ‘നമസ്തേ ട്രംപ്’ പരിപാടിക്കു ശേഷം ട്രംപും കുടുംബവും വൈകുന്നേരം താജ്മഹല്‍ സന്ദര്‍ശിക്കും. 6.45ന് ആഗ്രയില്‍ നിന്ന് വിമാന മാര്‍ഗം ഡല്‍ഹിയിലേക്ക് തിരിക്കും. രാത്രി 7.30ന് പാലം വ്യോമസേനാ വിമാനത്താവളത്തില്‍ നിന്ന് ഹോട്ടല്‍ ഐ.ടി.സി മൗര്യയിലേക്ക് പോകും. ചൊവ്വാഴ്ച രാവിലെ 10ന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്പ് കഴിഞ്ഞ് 10.30ന് രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ പുഷ്പചക്രം സമര്‍പ്പിക്കും.
11 മണിക്ക് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ഏഴര മണിക്കു രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്നും കഴിഞ്ഞ് രാത്രി 10 മണിയോടെ അമേരിക്കയിലേക്ക് മടങ്ങും.
Discussion about this post