കൊച്ചി: മരട് ഫ്ളാറ്റ് വിഷയത്തില്‍ സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ദേവസിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരടിന് സി.ആര്.സെഡ് രണ്ടിന്റെ സ്വഭാവമാണെന്ന് ദേവസി പ്രസിഡന്റായിരിക്കെ പഞ്ചായത്ത് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സിആര്‍സെഡ് ഒന്നിലും മൂന്നിലുമാണെന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 2007-ലാണ് സത്യവാങ്മൂലം നല്‍കിയത്.
അന്നത്തെ പഞ്ചായത്ത് സെക്രട്ടറി പി.ജെ.ആന്റണി ദേവസിക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. ദേവസിയുടെ പ്രേരണയാലാണ് ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയതെന്ന് മൊഴിയിൽ പറയുന്നു.
സി.ആര്.സെഡ് രണ്ടിലേക്ക് പഞ്ചായത്തിനെ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് ദേവസി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്തയച്ചതും വിവാദമായിരുന്നു. സി.ആര്.സെഡ് ഒന്നിലും മൂന്നിലും വരുന്ന പ്രദേശങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളുള്ളവയാണ്. കെട്ടിട നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് പഞ്ചായത്ത് ഇത്തരത്തില്‍ എതിര് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ നിര്‍മാതാക്കളെ സഹായിക്കുന്ന നിലപാടാണ് സത്യവാങ്മൂലത്തില്‍ പഞ്ചായത്ത് എടുത്തിട്ടുള്ളത്.
സി.ആര്.സെഡ് രണ്ടിലേക്ക് മാറ്റിത്തരണമെന്നാവശ്യപ്പെട്ട് വകുപ്പധികാരികള്‍ക്ക് കത്ത് നല്‍കിയതിന് രണ്ട് മാസത്തിന് ശേഷമാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലമാണ് ഇതെന്നാണ് ആരോപണം.
അതേസമയം ദേവസിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിട്ടും അദ്ദേഹത്തെ തള്ളി പറയാന്‍ സിപിഎം തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
Discussion about this post