അബുദാബി:ഇന്ത്യ-യുഎഇയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ സന്ദര്‍ശനത്തിനു മുന്നോടിയായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനയച്ച കത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പരസ്പര താല്പര്യമുള്ള മേഖലകളില്‍ ഇന്ത്യയും യുഎഇയും സഹകരണം ശക്തിപ്പെടുത്തണം. പരമ്പരാഗതമായി നല്ല സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും യുഎഇയുമെന്നും മോദി അറിയിച്ചു.
യുഎഇ സന്ദര്‍ശിക്കുന്ന വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ മുഖേനയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുള്ള കത്ത് പ്രധാനമന്ത്രി കൈമാറിയത്. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനാണ് എസ്.ജയശങ്കറിന്റെ യുഎഇ സന്ദര്‍ശനം.
യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്നഹ്യാന്, സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷെമി വിദേശകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മജ് മിര്‍ അല്‍ റെയ്സി എന്നിവരുമായി എസ്.ജയശങ്കര്‍ ചര്‍ച്ച നടത്തി.
ഈ മാസം 16, 17 തിയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദര്‍ശിക്കുന്നത്. 16ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. 17ന് ദുബായില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി വൈകിട്ട് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
Discussion about this post