ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ വിമര്‍ശനുമുന്നയിച്ച ഇറാന്, തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ താക്കീത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന മുന്നറിയിപ്പാണ് ഇവര്‍ക്ക് ഇന്ത്യ നല്‍കിയത്. ഡല്‍ഹി കലാപത്തില്‍ സ്ഥിതി ഗതികള്‍ ശാന്തമായി വരികയാണെന്നും ഈ സാഹചര്യത്തില്‍ ഔചിത്യമില്ലാതെ അഭിപ്രായ പ്രകടനം നടത്തരുതെന്നുമാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രവീഷ്കുമാര് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇന്തയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ നിയമപാലകരുണ്ടെന്നും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു പ്രധാനമന്ത്രിയുണ്ടെന്നും രവീഷ്കുമാര് മറുപടി നല്കി. ഈ സാഹചര്യത്തില്‍ നിരുത്തരവാദപരമായ അഭിപ്രായ പ്രകടനങ്ങള്‍ ലോകരാജ്യങ്ങള്‍ നടത്തരുതെന്ന് ഇന്ത്യ അഭ്യര്‍ത്ഥിക്കുകയാണെന്നും രവീഷ്കുമാര് കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഡല്‍ഹി കലാപത്തെ ”കൂട്ടക്കൊല” എന്ന് തുര്‍ക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എര്ദോഗന് വിശേഷിപ്പിച്ചതെന്നും നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍ ഒരു രാഷ്ട്രത്തലവനില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും രവീഷ് കുമാര്‍ പറഞ്ഞു. തുര്‍ക്കി പ്രതിനിധിക്ക് ഇന്ത്യ ശക്തമായ മുന്നറിയിപ്പും ഇക്കാര്യത്തില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന് വിദേശകാര്യമന്ത്രി ജവാദ് സരിഫിന്റെ വിമര്‍ശനത്തിനെതിരെ ഇറാന് അംബാസഡറെ ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും രവീഷ്കുമാര് ചൂണ്ടിക്കാട്ടി.
Discussion about this post