തൃശൂര്‍: പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ നാട്ടിലെങ്ങും കോഴിക്കു വില കുറഞ്ഞതോടെ ഇന്നലെ തൃശൂരില്‍ ചിലയിടത്ത് കോഴിയുടെ വില 19 രൂപയായിരുന്നു. ജില്ലയിലെ അരിമ്പൂര്‍ സെന്ററിലാണ് ഇന്നലെ 19 രൂപയ്ക്കു കോഴിവില്പന നടന്നത്.
കിലോയ്ക്കു 45 രൂപയ്ക്കാണ് ഇന്നലെ രാവിലെ കച്ചവടം തുടങ്ങിയത്. പക്ഷേ, ചില കടകള്‍ തമ്മില്‍ മത്സരം വന്നതോടെ അത് 35ലേക്കു താഴ്ന്നു. പിന്നെയത് മത്സരിച്ചു മത്സരിച്ചു 19 രൂപയിലെത്തി. 19 രൂപ വിലയുള്ള കോഴി 10 രൂപ കട്ടിങ് ചാര്‍ജ് സഹിതം വില്‍ക്കുന്ന കാഴ്ചയും ഉണ്ടായി. മിക്ക കോഴിക്കടകളിലും ഉച്ച കഴിഞ്ഞപ്പോള്‍ കച്ചവടം കഴിഞ്ഞു.
കോഴി വ്യാപാരികളും കോഴിക്കര്‍ഷകരും നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന അവസ്ഥയാണിപ്പോള്‍. നൂറിനുമുകളില്‍ വിലയുണ്ടായിരുന്ന കോഴി വിലയാണ് ഇപ്പോള്‍ 50നു താഴെയെത്തിയത്. കിലോ 35 രൂപ വിലവരുന്ന കോഴിത്തീറ്റ ദിവസം 200 ഗ്രാമെങ്കിലും ഒരു കോഴിക്കു നല്‍കണം. അതായത് ഏഴു രൂപ ഒരു കോഴിക്ക് ഒരു ദിവസം ചെലവു വരും. അതിനാല്‍ കോഴികളെ എത്രയും വേഗം വിറ്റഴിച്ചു നഷ്ടം പരമാവധി ഒഴിവാക്കാന്‍ ഫാമുടമകള്‍ നടത്തുന്ന ശ്രമമാണു കോഴിക്കു വിലയിടിയാന്‍ കാരണം.
കര്ഷകന് 50 രൂപ കൊടുത്താണു കോഴിക്കുഞ്ഞിനെ വാങ്ങിയിരുന്നത്. ഇപ്പോള്‍ ആ വിലയ്ക്കു ഒരു കിലോയിലേറെ കോഴിയിറച്ചി കിട്ടുമെന്നതാണു സ്ഥിതി. ഇപ്പോഴും തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു കോഴികളെ എത്തിക്കുന്നുണ്ട്. ഇതു നിരോധിച്ചാല്‍ കേരളത്തിലെ കര്‍ഷകര്‍ക്കു താല്‍ക്കാലികമായെങ്കിലും പിടിച്ചു നില്ക്കാനാകും.
Discussion about this post