കൊച്ചി: കൊറോണ വൈറസ് പടരുന്ന ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി. 13 പേരാണ് രാവിലെ 7.45ഓടെ നെടുമ്പാശേരിയിലെത്തിയത്.
അതേസമയം കേരളത്തില്‍ പുതുതായി മൂന്ന് പേര്‍ക്ക്കൂടി വൈറസ് ബാധ സ്ഥിരികരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 22 ആയി. ഇന്നലെ രണ്ടു പേര്‍ക്കും വ്യാഴാഴ്ച രാത്രി വൈകി ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളെജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വെള്ളനാട് സ്വദേശിക്കാണ് വ്യാഴാഴ്ച രാത്രി വൈകി രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്നലെ സ്ഥിരീകരിച്ചതില്‍ ഒരാള്‍ ഇറ്റലിയില്‍ നിന്നെത്തിയ വിദേശപൗരനും മറ്റേയാള്‍ യുകെയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയുമാണ്.19 പേര് ചികിത്സയിലാണ്. 3 പേര്‍ക്ക് രോഗം ഭേദമായി. വര്‍ക്കല റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലിക്കാരനാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച ഒരാള്‍. 5468 ആളുകളാണ് നിരിക്ഷണത്തിലുള്ളത്. 277 പേരാണ് ആശുപത്രിയില്‍. ഇന്ന് 69 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1715 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 1132 ഫലങ്ങളും നെഗറ്റിവ് ആണ്. ബാക്കി ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന രോഗബാധ ഉള്ള രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 123 രാജ്യങ്ങളില്‍ രോഗം പടര്‍ന്ന് പിടിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനായാല്‍, ഒന്നിച്ച് നിന്നാല്‍ ഇതിനേയും നമുക്ക് അതിജീവിക്കാന്‍ കഴിയും. നാടാകെ ഇതിന്റെ ഭാഗാമാകുന്ന നിലയുണ്ടാകണം. നിയന്ത്രണങ്ങള്‍ ഭീതിപരത്താനുള്ളതാണ് എന്ന വര്‍ത്തമാനങ്ങള്‍ വരുന്നുണ്ട്. ഇത്തരം ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിച്ചുകൂടാത്തതാണ്. സമൂഹത്തിന്റെ ഭാവി കരുതിയാണ് ഇത്. വ്യക്തിയില്‍നിന്ന് സമൂഹത്തിനാകെ രോഗം പകരാം എന്നതാണ് ഇതിന്റെ പ്രത്യേകത. ആളുകള്‍ കൂടുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. ജനങ്ങള്‍ക്കിടയില്‍ നിന്ന് നല്ല സഹകരണമാണ് ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post