ഡല്‍ഹി: സാനിറ്റൈസറുകള്‍ക്കും മാസ്കിനും വ്യാപാരികള്‍ അമിതവില ഈടാക്കുന്നത് തടയാന്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സാനിറ്റൈസറിന് 200 മില്ലിക്ക് 100 രൂപയിലധികവും മാസ്കിന് പത്ത് രൂപയിലധികവും ഈടാക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി രാം വിലാസ് പസ്വാന് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂ നിര്‍ദേശം എല്ലാവരും പാലിക്കണമെന്നും പസ്വാന് ജനങ്ങളോട് ആവശ്യപ്പെട്ടു.
വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ വിപണിയില്‍ സാനിറ്റൈസറിനും മാസ്കിനും അമിതവില ഈടാക്കുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഉപയോക്താക്കള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. പലരും ഹാന്‍ഡ് വാഷുകളും സാനിറ്റൈസറുകളും ആവശ്യത്തിലധികം വാങ്ങി സൂക്ഷിക്കുകയാണ്. ഇത് മുതലെടുത്താണ് വ്യാപാരികള്‍ വില കുത്തനെ കൂട്ടിയത്.
Discussion about this post