പാരീസ് : കൊറോണ വൈറസ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 16524 ആയി. 180-ല്‍പരം രാജ്യങ്ങളിളിലായി 379,080 ആളുകള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 102,423 ആളുകൾ രോഗമുക്തി നേടി.
അതേസമയം മൂന്നുമാസം മുമ്പ് കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ ചൈന രോഗത്തെ നിയന്ത്രിച്ചതായി അറിയിച്ചു. തിങ്കളാഴ്ചയും ചൈനയില്‍ ആര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. ലോകത്തെ ആകെ മരണസംഖ്യയില്‍ 60 ശതമാനത്തിലധികം യൂറോപ്പിലാണ്.
602 പേര് കൂടി മരിച്ചതോടെ ഇറ്റലിയില്‍ മരണസംഖ്യ 6078 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികംപേര്‍ അവിടെ മരിച്ചു. സ്പെയിനില്‍ 462 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 2311 ആയി. ഫ്രാന്‍സില്‍ മരണസംഖ്യ 750 കടന്നു. ബ്രിട്ടനില്‍ 54 പേര് കൂടി മരിച്ചതോടെ 335 ആയി. നെതര്‍ലന്‍ഡ്സില്‍ 34 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 213 ആയി. ജര്‍മനിയിലും സ്വിറ്റ്സര്‍ലന്‍ഡിലും 118 വീതം ആയി.
ചൈനയില്‍ ഒമ്പതുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 3270 ആയി. 39 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും എല്ലാവരും രോഗവുമായി വിദേശത്തുനിന്ന് വന്നവര്‍. മൊത്തം രോഗമുക്തരില്‍ 81093 പേരും ചൈനയിലാണ്. ഗള്‍ഫില്‍ ഏറ്റവുമധികം ആളുകള്‍ മരിച്ചത് ഇറാനിലാണ്. 127 പേര്‍കൂടി മരിച്ചതോടെ അവിടെ മരണസംഖ്യ 1812 ആയി. 23049 പേര്‍ക്കാണ് രോഗം ബാധിച്ചത്.
അമേരിക്കയില്‍ മരണസംഖ്യ 500 കടന്നു. അവിടെ 40000ലധികം ആളുകള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
Discussion about this post