തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാമൂഹിക വ്യാപനമെന്ന വാള് ഇതുവരെ കേരളത്തിന്റെ നെഞ്ചില്‍ പതിഞ്ഞിട്ടില്ലെന്നും തലയ്ക്ക് മീതെ നില്‍ക്കുന്നുണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറയുന്നു. വാര്‍ത്താസമ്മേളനത്തിനിടെയാണ് സംസ്ഥാനത്ത് സാമൂഹിക വ്യാപനം വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
‘സാമൂഹ്യവ്യാപനം എന്ന വാള് നമ്മുടെ തലയ്ക്കുമീതെ തൂങ്ങിനില്‍ക്കുന്നുണ്ട്. അത് വളരെ ഗൗരവതരമായി ഉള്‍ക്കൊള്ളണം. ആ വാള് കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കണം. അതിനുള്ള ജാഗ്രതയാണ് നമ്മള് ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടത്. ഞാനും നിങ്ങളുമെന്ന വ്യത്യാസമില്ല, നമ്മളെല്ലാവരും ഒരേ മനോഭാവത്തോടെ ഈ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. ഇത് കുറ്റമറ്റരീതിയില്‍ ഏറ്റെടുക്കുക എന്നത് നാടിനോടും അടുത്ത തലമുറയോടുമുള്ള ഉത്തരവാദിത്വമാണ്. അതിനാല്‍ എല്ലാവരും വീട്ടിനുള്ളില്‍ കഴിയണമെന്ന കാര്യം ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post