ശ്രീനഗര്‍: കശ്മീരില്‍ കൊറോണ ബാധിച്ച് മരിച്ചയാളുടെ കൊച്ചുമക്കള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം മരിച്ച വയോധികന്റെ രണ്ടു പേരക്കുട്ടികള്ക്കാണു കൊറോണ സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ഇതില്‍ എട്ടു മാസം പ്രായമുള്ള ശിശുവും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ രോഗിയാണ് ഈ കുഞ്ഞ്. രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ കുട്ടിക്ക് ഏഴു വയസുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 11 ആയതായി സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സല്‍ ട്വീറ്റ് ചെയ്തു.
സൗദി അറേബ്യയില്‍ നിന്നു മടങ്ങി വന്ന വയോധികനാണു കശ്മീരില്‍ കൊറോണ ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മരിക്കുകയും ചെയ്തു. കശ്മീരിലെ ആദ്യ കൊറോണ മരണമാണിത്.
തബ്ലീഗ് ജമാത്തിലെ മതപ്രചാരകനായ ഇദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് പ്രദേശമാകെ അടച്ചുപൂട്ടിയിരിക്കുകയാണ്. അയല്‍ക്കാരെയും ഇദ്ദേഹം ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കി.
ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 70 പേര് ഇദ്ദേഹവുമായി ബന്ധപ്പെട്ടതായാണു സൂചന. ഇവരില്‍ നാലുപേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. വിദേശത്തുനിന്നു മടങ്ങി എത്തിയിട്ടും ഇയാള്‍ക്ക് നിര്‍ബാധം പുറത്തിറങ്ങാന്‍ അനുവാദം നല്‍കിയതിലാണ് അന്വേഷണം.
Discussion about this post