ഡല്‍ഹി: നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ആറുപേർ തെലുങ്കാന സ്വദേശികളും തമിഴ്നാട്, കർണാടക, ജമ്മു&കശ്മീർ സംസ്ഥാനങ്ങളിൽ നിന്ന് ഓരോരുത്തർ വീതം ആണ് മരിച്ചത്. നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
തമിഴ്നാട്ടില്‍ നിന്ന് 26 പേര് മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര് പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പരിശോധന തുടരുന്നു.
തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കൊറോണ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ കൊറോണ വന്നതിനുശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതിനെതുടര്‍ന്ന് ഈ പ്രദേശത്ത് ലോക്ഡൗണ്‍ കര്‍ശനമാക്കി.
രണ്ടായിരത്തോളം പേര് ഹോം ക്വാറന്റൈനിലാണ്. സമ്മേളനത്തില്‍ 2500 പ്രതിനിധികള്‍ പങ്കെടുത്തിരിക്കാം എന്നാണു കണക്കാക്കുന്നത്. അവരെല്ലാം സമ്മേളനത്തിനു വന്നവരല്ല, വലിയൊരു വിഭാഗം സമ്മേളനത്തിനു വന്നവരോടൊപ്പം ഡല്‍ഹി, യുപി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നവരാണ്. തമിഴ്നാട്ടില്‍ നിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 1000 പേരും വന്നിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് 280 പേരും എത്തി.
ഡല്‍ഹിയില്‍ എത്തിയവരില്‍ വലിയൊരു വിഭാഗം യുപിയിലെ ദിയുബന്ദിലേക്കും പോയിരുന്നു. ഇന്തൊനീഷ്യയില്‍ നിന്നു വന്ന 11 പേര് ഹൈദരാബാദില്‍ പോയി രോഗബാധിതരായി.
ആന്‍ഡമാനില്‍ നിന്നു വന്ന ആറു പേരും മടങ്ങിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചു. ഇതോടെയാണ് ഡല്‍ഹി പൊലീസ് ഇവിടെ നിന്നുള്ള 200 പേരെ ആശുപത്രിയിലാക്കാനും രണ്ടായിരത്തോളം പേരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചത്.
Discussion about this post