ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2322 പേര് ചികിത്സയില്‍ തുടരുകയാണ്. 162 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ വര്‍ധനയാണിത്.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ കൂടുതല്‍ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തെലങ്കാനയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ച 75 പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. തമിഴ്നാട്ടില്‍ ഇന്നുമാത്രം 102 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നൂറ് പേരും നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരാണ്.
കേരളത്തില്‍ വെള്ളിയാഴ്ച ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് സ്വദേശികളായ ഏഴുപേര്‍ക്കും തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിവന്നതിനു ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.
അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,072,849 ആയി. 56,903 പേര്‍ക്ക് ജീവന് നഷ്ടമായി. 226,039 പേര് രോഗമുക്തി തേടി. നിലവില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് അമേരിക്കയിലാണ്. 2,45,573 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. 6,058 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. കൊറോണ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കു പിന്നില്‍ സ്പെയിനാണ്. 1,17,710 പേര്‍ക്കാണ് സ്പെയിനില്‍ രോഗം സ്ഥിരീകരിച്ചത്. 10,935 പേരാണ് ഇവിടെ മരിച്ചത്.
Discussion about this post