പിറവം: പട്ടിണിയാണെന്നും സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജവീഡിയോ പങ്കുവച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശിയും ഇരുപത്തിയെട്ടുകാരനുമായ മിനാറുള്‍ ഷെയ്ഖിനെയാണ് വ്യാജപ്രചരണം നടത്തിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് ആഴ്ചയായി പട്ടിണിയാണെന്നും ബിസ്ക്കറ്റ് പോലും ലഭിക്കുന്നില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് ഇയാള്‍ നവമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
എന്നാല്‍, ഇയാളുടെ താമസസ്ഥലത്തെത്തി പരിശോധിച്ച പോലീസ് കണ്ടെത്തിയത് മിനി മാര്‍ക്കറ്റാണ്. മത്സ്യവും, മാംസവും, പച്ചക്കറികളും പലചരക്കും അങ്ങനെ ആവശ്യമായ എല്ലാം തന്നെ അവിടെയുണ്ടായിരുന്നു.
കേരളത്തിലെ ജീവിതം അങ്ങേയറ്റം പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ പ്രചരിപ്പിച്ച വീഡിയോ സുഹൃത്തുക്കളാണ് പങ്കുവച്ചത്. കൂടാതെ, സഹായമഭ്യര്‍ത്ഥിച്ച് ഇയാള്‍ പങ്കുവച്ച വീഡിയോയില്‍ ഇയാളുടെ നമ്പരും നല്‍കിയിരുന്നു. വീഡിയോ വൈറലായതോടെ ബംഗാള്‍ ഇന്റലിജന്‍സ് വിഭാഗം വിവരം കേരള പോലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ എഡിജിപി ടികെ വിനോദ്കുമാര്‍ കളക്ടര്‍ എസ് സുഹാസിനു വിശദാംശങ്ങള്‍ കൈമാറി.
കളക്ടറുടെ നിര്‍ദേശപ്രകാരം പിറവം നഗരസഭാധ്യക്ഷന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ഇയാളുടെ താമസസ്ഥലത്തെത്തുകയായിരുന്നു. പാകം ചെയ്ത മത്സ്യവും മാംസവും, അരി, മുട്ട, പച്ചക്കറികള്‍, തേങ്ങ, മസാലക്കൂട്ടുകള്‍ തുടങ്ങിയവയാണ് ഇയാളുടെ താമസസ്ഥലത്ത് നിന്നും കണ്ടെത്തിയത്.
ഇതിന് പുറമേ നഗരസഭയുടെ നേതൃത്വത്തില്‍ വിതരണം ചെയ്ത ഭക്ഷണവും കിറ്റുകളും ഇയാള്‍ വാങ്ങിയിരുന്നു. ഇയാള്‍ക്കൊപ്പം മറ്റ് 13 പേര് കൂടി ഇവിടെ താമസിക്കുന്നുണ്ട്. അവരെല്ലാം തന്നെ ടൗണിലെ പലപല ഭാഗങ്ങളിലായി ജോലിയ്ക്ക് പോയിരുന്നു. കേരളത്തിന് പുറമേ ബംഗാളില്‍ നിന്ന് കൂടിയുള്ള സഹായങ്ങള്‍ പ്രതീക്ഷിച്ചാണ് വ്യാജ പ്രചരണം നടത്തിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി.
Discussion about this post