മുംബൈ: കൊറോണ വൈറസ് ബാധയെന്ന സംശയത്തിൽ നിരീക്ഷണത്തിലിരിക്കെ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ വെടിവച്ച് കൊല്ലണമെന്ന് എം.എന്‍.എസ് നേതാവ് രാജ് താക്കറെ. ഇത്തരക്കാര്‍ക്ക് ചികിത്സ നല്‍കുന്നതിന്റെ ആവശ്യമെന്താണ്. പ്രത്യേക വിഭാഗത്തെ സൃഷ്ടിക്കാനാണ് അവരുടെ ശ്രമങ്ങള്‍. അവരുടെ ചികിത്സ നിറുത്തിവയ്ക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു.
കൊറോണയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്. ഇത് ശരിയായ സമീപനമല്ല. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസുകാരേയും ആരോഗ്യ പ്രവര്‍ത്തകരേയും ആക്രമിക്കുന്ന സംഭവങ്ങളുണ്ടാകുന്നത്. രാജ്യത്തേക്കാളും വലുത് മതമാണെന്ന് കരുതുന്ന ഒരു വിഭാഗത്തെ വളര്‍ത്താനാണ് തബ്ലീഗുകാരുടെ ശ്രമം. അവരുടേത് ഗൂഡാലോചനയാണ്. നിയന്ത്രണം മറികടന്നാണ് നിസാമുദ്ദീനില്‍ യോഗം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
നിസാമുദ്ദീന്‍ മാതൃകയില്‍ വസായില്‍ കഴിഞ്ഞമാസം തബ്ലീഗ് പ്രവര്‍ത്തകര്‍ ഒത്തുചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതിന് അനുമതി നല്‍കാത്ത മഹാരാഷ്ട്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും രാജ് താക്കറെ പറയുന്നു. മതങ്ങളെ കുറ്റപ്പെടുത്താനുള്ള സമയമല്ലിത്. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗമാണ് ഇത്തരത്തില്‍ പെരുമാറുന്നത്. ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് ഓര്‍മിക്കണം. അതിന് ശേഷവും തങ്ങള്‍ ഇവിടെയുണ്ടാകുമെന്നും രാജ് താക്കറെ പറഞ്ഞു. അച്ചടക്കം പാലിച്ചില്ലെങ്കില്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടേണ്ടി വരും. അങ്ങനെ ചെയ്താല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും രാജ് താക്കറെ പറഞ്ഞു.
ഗാസിയാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ നഴ്സുമാരോട് മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടർന്ന് ഇവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിരുന്നു.
Discussion about this post