ചെന്നൈ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് തമിഴ്നാട്ടിലെ സ്ഥിതി അതീവ ഗുരുതരം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 571 ആയി. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കു ശേഷം 530 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒട്ടുമിക്ക ആളുകളും മതസമ്മേളനത്തില്‍ പങ്കെടുത്തവരോ ഇവരുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരോ ആണ്. കൊറോണ ബാധിച്ചു മരിച്ച അഞ്ചില്‍ നാലു പേര്‍ക്കും മതസമ്മേളനവുമായി ബന്ധമുണ്ടെന്നത് ആശങ്കാജനകമാണ്.
തബ്ലീഗ് സമ്മേളനത്തില്‍ വനിതകള്‍ പങ്കെടുത്തിട്ടുണ്ടെന്നും അങ്ങനെ പങ്കെടുത്ത സ്ത്രീകള്‍ തമിഴ്നാട്ടില്‍ തിരിച്ചെത്തുകയും മതപ്രബോധനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ താമസിക്കുകയും ചെയ്തിട്ടുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നു മതസമ്മേളനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കാര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് അധികൃതര്‍ക്ക് ആശ്വാസം പകരുന്നത്. പള്ളിയില്‍ താമസിക്കുക എന്ന പുരുഷന്മാരുടെ രീതിയില്‍ നിന്നു വ്യത്യസ്തമായി ചെല്ലുന്ന സ്ഥലങ്ങളിലെ വീടുകളില്‍ അതിഥികളായി താമസിച്ചാണ് സ്ത്രീകള്‍ മതപ്രബോധനം നടത്തിയതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ വിവരം. ഇതിനാല്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്താനും ഇങ്ങനെ താമസിച്ച ആളുകളെ കണ്ടെത്താനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ക്കു കീഴിലുള്ള ടാസ്ക് ഫോഴ്സ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
തബ്ലീഗ് ജമാഅത്തിന്റെ കോര്‍ഡിനേറ്ററുമായി ബന്ധപ്പെട്ട് മുഴുവന്‍ വനിതാ പ്രചാരകരെ കണ്ടെത്തുവാനും ഇവര്‍ താമസിച്ച സ്ഥലങ്ങളും വീടുകളും കണ്ടെത്തി ഐസലേഷന്‍ നടപടികള്‍ നടപ്പാക്കാനാണ് തീവ്രശ്രമം.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 338 പേരുടെ കൊറോണ പരിശോധനാ ഫലമാണ് പ്രതീക്ഷിക്കുന്നത്. ഇവരില്‍ പലരും മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
Discussion about this post