ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടനയ്ക്ക്(ഡബ്ല്യുഎച്ച്ഒ) നല്‍കിവന്ന സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ യുഎന്‍ രംഗത്ത്. ഫണ്ട് നിര്‍ത്തിവയ്ക്കാനുള്ള സമയമല്ലിതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ലോകാരോഗ്യ സംഘടനയുടെയോ മറ്റേതെങ്കിലും സംഘടനകളുടെയോ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് തടയാനുള്ള സമയമല്ല. ഈ വൈറസിനെയും അതിന്റെ പ്രത്യാഘാതങ്ങളെയും തടയാന്‍ രാജ്യാന്തര സമൂഹം ഐക്യത്തോടെ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും – ഗുട്ടെറസ് പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.
കൊറോണയെ കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന വീഴ്ച്ച വരുത്തിയെന്നാരോപിച്ചാണ് ട്രംപ് ഭരണകൂടം ഫണ്ട് നിര്‍ത്തലാക്കിയത്. ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു. കോറോണ വൈറസ് പടര്‍ന്നതിനുശേഷം യുഎന്‍ സംഘടന അത് തെറ്റായി കൈകാര്യം ചെയ്യുകയും മൂടിവയ്ക്കുകയും ചെയ്തു. അതിന് ഉത്തരവാദിത്തം പറയേണ്ടതാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനയുടെതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.
Discussion about this post