കാറും കോളും നിറഞ്ഞ പഞ്ഞ കര്‍ക്കിടകം വിട വാങ്ങി. പച്ചമണ്ണില്‍ പ്രത്യാശയുടെ വിത്തുകളെറിഞ്ഞ് ഓണക്കാലത്തിന്റെ വരവറിയിച്ച് വീണ്ടുമൊരു ചിങ്ങപ്പുലരിക്കൂടി കൂടി പിറന്നു. രാമായണ മാസാചരണത്തിലൂടെ കര്‍ക്കടകത്തിലെ ദുരിതങ്ങള്‍ താണ്ടി കരകയറിയ മലയാളത്തിന് ഇത് 1191ാമത് ആണ്ടുപിറപ്പാണ്. ഓണംപോലുമുണ്ണാന്‍ മറുനാടിനെ ആശ്രയിച്ച് കാത്തിരിക്കുന്ന മലയാളിക്കുമുന്നില്‍ ഓരോ പച്ചപ്പും ഒരേ പോലെ ആശയും ആശങ്കയും വിതയ്ക്കുന്നു. ഇനിയും ശേഷിക്കുന്ന മണ്ണില്‍ പച്ചപ്പിന്റെ നാമ്പുകള്‍ നിറയ്‌ക്കേണ്ട സമയമാണിത്.
അറയും പറയും നിറയുന്ന പൊന്നിന്‍ ചിങ്ങമാസം. ഏത് നാട്ടില്‍ കഴിഞ്ഞാലും വീടേതു മാറിയാലും മലയാളിയുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളുവുമെല്ലാം മലയാളിയുടെ മനസിലെ മായാത്ത സ്മരണകളാണ്. കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങം. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ്ണ നിറമുള്ള പ്രതീക്ഷകള്‍. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. മികച്ച കര്‍ഷകരെ ആദരിക്കുകയും കാര്‍ഷിക സഹായ സംരംഭങ്ങള്‍ക്കും മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുകയും ചെയ്യുന്ന ദിനമാണ് ഇന്ന്.
മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയും അണിഞ്ഞൊരുങ്ങുന്ന മാസം കൂടിയാണ് ചിങ്ങം. മുറ്റത്തും തൊടിയിലും നിറയെ പൂത്തു നില്‍ക്കുന്ന തുമ്പയും തെച്ചിയും ചെമ്പകവുമെല്ലാം പൊന്നോണത്തിനായി കാത്തിരിക്കുന്നു. അത്തം പിറന്നു കഴിഞ്ഞാല്‍ മുറ്റം നിറയെ പൂക്കളങ്ങള്‍. പത്താം നാള്‍ തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ ആമോദത്തോടെ വാണ ആ പഴയ കാലത്തിന്റെ ഓര്‍മ്മ വീണ്ടും മലയാള നാട്ടില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കട്ടെ. തുഞ്ചന്റെ കിളിമകള്‍ പാടി വളര്‍ത്തിയ മലയാള ഭാഷയുടെ ദിനം കൂടിയാണ് ചിങ്ങം ഒന്ന്.
കാലവര്‍ഷത്തിലെ താളപ്പിഴകള്‍ കാര്‍ഷികമേഖലയെ എപ്രകാരം ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഇത്തവണ ചിങ്ങമെത്തുന്നത്.
എങ്കിലും കാണം വിറ്റും ഓണമുണ്ണണം എന്ന പഴഞ്ചൊല്ലിനെ കൂട്ടു പിടിച്ച് ഓണമുണ്ണാനും സദ്യയൊരുക്കുവാനും മലയാളികള്‍ തയ്യാറായിക്കഴിഞ്ഞു.
Discussion about this post