തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ആണ് ഇക്കാര്യം അറിയിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 3 പേര് ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 2 പേർ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ 257 പേരാണ് കൊറോണയിൽ നിന്നും രോഗമുക്തി നേടിയത്. ഇനി 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നത്. ഇന്ന് 104 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര് ആണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരില്‍ 66,686 പേര് വീടുകളിലും 504 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
Discussion about this post