താൻ ഇടതുപക്ഷമെന്ന് വ്യക്തമാക്കി സദ്ഗുരു ജഗ്ഗി വാസുദേവ്. എന്നാൽ വികസനപ്രവര്ത്തനങ്ങളില് നിന്ന് ജനങ്ങളെ ‘ലെഫ്റ്റ് ഔട്ട്’ ആക്കുന്ന തരം തലതിരിഞ്ഞ ലെഫ്റ്റ് അല്ല താനെന്നും അത്തരക്കാരെയാണ് ഇന്ന് ഇടതുപക്ഷം എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇഷാ ആശ്രമത്തിൽ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, ഒരു ശിഷ്യയുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് സദ്ഗുരു തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാക്കിയത്.
താൻ പ്രത്യയശാസ്ത്ര പതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണെന്നും ലെഫ്റ്റ് ലിബറൽ ആയ തനിക്ക് എപ്രകാരമാണ് ഗുരുവിന്റെ ശിഷ്യയായി തുടരാൻ കഴിയുക എന്നുമുള്ള പെൺകുട്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് സദ്ഗുരു തന്റെ വീക്ഷണം വിശദീകരിച്ചത്. ‘നിങ്ങൾക്ക് സങ്കല്പിക്കാനാവുന്നതിലും എത്രയോ അധികം ‘ലെഫ്റ്റ്’ആണ് ഞാൻ‘ എന്നായിരുന്നു സദ്ഗുരു പറഞ്ഞത്.
“പക്ഷേ.. നിങ്ങൾ സാധാരണ കണ്ടു വരുന്നതുപോലെ വികസനപ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളെ ‘ലെഫ്റ്റ് ഔട്ട്’ (പുറത്താക്കുന്ന) ആക്കുന്ന തരം തലതിരിഞ്ഞ ‘ലെഫ്റ്റ്’ അല്ല ഞാൻ”. നീണ്ട കരഘോഷങ്ങൾക്കിടെ അദ്ദേഹം പറഞ്ഞു. ” ഇടതുപക്ഷമെന്നത് എന്റെ മനസ്സിൽ കുറേക്കൂടി നീതിപൂർവമായ, ന്യായയുക്തമായ ഒരു രാഷ്ട്രീയ ഭരണ സംവിധാനമാണ്.
സമ്പൂർണ്ണ വിപ്ലവമെന്നാൽ സമ്പൂർണ്ണമായ ഉന്മൂലനം എന്നാണ് അർത്ഥം. ‘സായുധ വിപ്ലവം’ എന്ന ആശയത്തിന്റെ അടിവേരുകൾ ചികഞ്ഞു ചെന്നാൽ നിങ്ങളെത്തുക പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ്. അത്തരം വിപ്ലവാശയങ്ങൾ കാലഹരണപ്പെട്ടുകഴിഞ്ഞു. വിപ്ലവകാരികൾക്കും, അവരെ എതിർക്കുന്ന സേനയ്ക്കും വേണ്ടത്ര ആയുധങ്ങൾ കിട്ടിക്കഴിഞ്ഞാൽ പിന്നെയുണ്ടാവുക സർവ്വനാശവും സംഹാര താണ്ഡവവും ആയിരിക്കും. അതിൽ കുറഞ്ഞൊന്നും സംഭവിക്കില്ല. അതുകൊണ്ട് സായുധ വിപ്ലവം എന്ന ആശയത്തെ മനസ്സിൽ താലോലിക്കുന്നവർ ഒന്നോർക്കുക, നിങ്ങളുടെ ജനനം ഏതാനും പതിറ്റാണ്ടുകൾ വൈകിപ്പോയിരിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെയൊക്കെ ചെറുപ്പത്തിൽ ഈ ‘സായുധവിപ്ലവം’, ‘ഉന്മൂലനം’ എന്നൊക്കെയുള്ള ആശയങ്ങൾ പറഞ്ഞുകേട്ടിരുന്നു. ചാരു മജുംദാറിന്റെയും സോമുലുവിന്റെയുമൊക്കെ കാലമായിരുന്നു അത്. നക്സൽബാരിയിലേക്ക് കടന്നുചെല്ലാനും അവർക്കൊപ്പം തോളോടുതോൾ ചേർന്ന് പോരാടാനും ഒക്കെ ഞങ്ങളിൽ പലർക്കും അന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, അത്തരം പോരാട്ടങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് നമ്മുടെ രാജ്യത്ത്, മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഒരേയൊരു മാർഗം ജനാധിപത്യപരമായ മുന്നേറ്റങ്ങൾ മാത്രമാണ്. ജനാധിപത്യ പ്രക്രിയകൾ മറ്റുള്ള സാധാരണ കളികൾ പോലെത്തന്നെയാണ്. ഒരു കളി നടന്നാൽ അതിൽ ഒരാൾ ജയിക്കും, മറ്റേയാൾ തോൽക്കും. തെരഞ്ഞെടുപ്പിന്റെ കളിയിൽ തോറ്റവർക്കും നാട്ടിൽ നിയമനിർമാണം നടത്തണം എന്ന് തോന്നാം. തോറ്റ് തുന്നം പാടിയവനും ട്രോഫിയും ഷീൽഡും കൊണ്ട് നാടുചുറ്റണം എന്ന തോന്നൽ ഉള്ളിലുണ്ടാകാം. എന്നാൽ, അത് ന്യായമായ ഒരാവശ്യമാണോ എന്നും അദ്ദേഹം ചോദിക്കുന്നു.
തെരഞ്ഞെടുപ്പിലൂടെ ജനം തെരഞ്ഞെടുത്ത ഒരു ഗവണ്മെന്റ് അധികാരത്തിലേറുന്നു. അങ്ങനെ അധികാരസ്ഥാനങ്ങളിൽ വരുന്നവരുടെ പ്രാഥമികധർമ്മം നിയമങ്ങൾ നിർമിക്കുക എന്നതാണ്. അത് അവർ നിറവേറ്റുമ്പോൾ, തോറ്റു ഗ്യാലറിയിലിരിക്കുന്ന പലരും അതിനെ എതിർക്കുന്നു. നിയമത്തിലെ പിഴവുകൾ ആർക്കും ചൂണ്ടിക്കാട്ടാം. ലഭ്യമായ ജനാധിപത്യ ഇടങ്ങളിൽ എല്ലാം വിയോജിപ്പുകളും രേഖപ്പെടുത്താം. എന്നാൽ, തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിനോട് “നിങ്ങൾക്ക് നിയമം നിർമിക്കാൻ അവകാശമില്ല” എന്നുപറയുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്നിപ്പോൾ ”ഞങ്ങൾ ഇടതുപക്ഷക്കാരാണ്” എന്നും പറഞ്ഞുകൊണ്ട് നടക്കുന്നവരിൽ മിക്കവരും ഇടതുപക്ഷവുമായി താത്വികമായി പുലബന്ധം പോലുമില്ലാത്തവരാണ്. കമ്യൂണിസം എന്നത് കമ്യൂണിറ്റിയുടെ ക്ഷേമത്തെപ്പറ്റിയുള്ള കരുതലാണ്, അല്ലാതെ സ്വാർത്ഥചിന്തയല്ല.
നിങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ, ആ പ്രതിഷേധങ്ങൾ നടത്തുമ്പോൾ, വേറെ ഒരു പൗരന്റെയും മൗലികാവകാശങ്ങൾ ലംഘിക്കാൻ നിങ്ങൾക്ക് അധികാരമില്ല എന്നതും ഓർക്കണം. റോഡ് ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് അധികാരമില്ല. വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയാൻ അധികാരമില്ല. കല്ലെറിയാൻ അവകാശമില്ല. തെരുവിൽ ഉച്ചഭാഷിണി വെച്ച് ബഹളമുണ്ടാക്കി ശബ്ദമലിനീകരണമുണ്ടാക്കാനുള്ള അവകാശം പോലും യഥാർത്ഥത്തിൽ നിങ്ങൾക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
വീട്ടിൽ സകല സൗകര്യങ്ങളോടും കൂടി ‘ലെഫ്റ്റ് ലിബറൽ’ ആയി കഴിയുന്നവരോട് ആരെങ്കിലും എന്തെങ്കിലും പാവങ്ങളോട് പങ്കുവയ്ക്കാൻ പറഞ്ഞാൽ തീരുന്ന ഇടത് ആഭിമുഖ്യമേ പലർക്കും ഇന്നുള്ളൂവെന്നും സദ്ഗുരു പറയുന്നു.
Discussion about this post