മസില് പിടിച്ച് ബുള്‍ഗാന്‍ താടിയും പിരിച്ച മീശയുമായി നിൽക്കുന്ന ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായി മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ വെെറലായ ഈ ചിത്രത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രൻ. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ജയചന്ദ്രൻ രഹസ്യം തുറന്നുപറഞ്ഞത്.
”എന്റെ സുഹൃത്ത് എടുത്ത ഒരു ഫോട്ടോയാണിത്. ഞാൻ അങ്ങനെ ഫിറ്റ്നസ് നോക്കുന്ന ആളൊന്നുമല്ല. വയസ്സായില്ലേ? നടക്കാനൊക്കെ പോകുമായിരുന്നു. കുളിക്കുന്നതിന് മുൻപ് ചെറിയ വ്യായാമങ്ങൾ ചെയ്യും അത്ര തന്നെ. അതും വെറും അരമണിക്കൂർ മാത്രം. ഇപ്പോൾ വെറുതെ വീട്ടിലിരിക്കുകയാണല്ലോ. ലോക്ക്ഡൗൺ അല്ലേ? വേറെ പരിപാടികളൊന്നും തന്നെയില്ല. റെക്കോഡിങ് ഇല്ല. ഫോട്ടോ വെെറലായതിന്റെ പിന്നാലെ ഒരുപാട് പേർ വിളിക്കുന്നുണ്ട്. എന്താണ് ഇതിന്റെ പിന്നിലെ രഹസ്യമെന്ന് അറിയാൻ. ഇപ്പോൾ ഞാൻ ബിജിബാലിന്റെ അടക്കം ഏതൊക്കെയോ സിനിമകൾക്ക് വേണ്ടി പാടിയിട്ടുണ്ട്. ഇപ്പോഴത്തെ കാലത്തെ പാട്ടുകളൊന്നും മനസ്സിൽ നിൽക്കുന്നില്ല.”- ജയചന്ദ്രൻ പറയുന്നു.
ജയചന്ദ്രന്റെ പുതിയ ലുക്കിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് സിനിമാതാരങ്ങളടക്കം ഒട്ടനവധി പേർ രംഗത്തെത്തി. ഹോളിവുഡ് നടന്റെ ഛായയുണ്ടെന്ന് ചിലർ പറയുന്നു. മറ്റു ചിലരാകട്ടെ 76-ാം വയസ്സിലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന ജയചന്ദ്രൻ പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്നും പറയുന്നു.
Discussion about this post