ഡല്‍ഹി: ഇന്ത്യയില്‍ നിന്നും കോടികള്‍ തട്ടിച്ച് വിദേശത്തേക്ക് മുങ്ങിയ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. കിംഗ് ഫിഷര്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയിലേക്ക് നാടുകടത്തരുത് എന്ന് ആവശ്യപ്പെട്ടുള്ള അപ്പീല്‍ നല്‍കുന്നതിനുളള അപേക്ഷ യുകെ ഹൈക്കോടതി തള്ളി. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ സമര്‍പ്പിച്ച അപേക്ഷയാണ് തള്ളിയത്.
ഇതോടെ മല്യയുടെ യു.കെയിലെ നിയമനടപടി അവസരങ്ങള്‍ അവസാനിച്ചു. വിജയ് മല്യയെ ഒരു മാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യ-ബ്രിട്ടന് ഉടമ്പടി പ്രകാരം 28 ദിവസത്തിനുള്ളില്‍ മല്ല്യയെ ഇന്ത്യക്ക് കൈമാറാന്‍ സാധിച്ചേക്കുമെന്ന് യുകെ ആഭ്യന്തര മന്ത്രാലയ സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. മല്ല്യ ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളും പ്രതീക്ഷ പ്രകടിപ്പിച്ചു.
സുപ്രധാനമായ ഒരു നിയമപ്രകാരം കേസില്‍ തീര്പ്പുണ്ടെങ്കില് മാത്രമെ യു.കെ. കുറ്റവാളി കൈമാറ്റ നിയമത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ അനുവദിക്കൂ.
നേരത്തെയും ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അപേക്ഷ ലണ്ടനിലെ ഹൈക്കോടതി തള്ളിയിരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തത്.
വായ്പകള്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികള്‍ ആരംഭിച്ചതോടെ മല്യ വിദേശത്തേക്ക് കടന്നു. 2016-ലാണ് മല്യ ബ്രിട്ടണില്‍ എത്തിയത്.
അതേസമയം ഇന്ന് മറ്റൊരു ട്വീറ്റില്‍ തന്റെ കടങ്ങള്‍ അടക്കാന്‍ അനുവദിക്കണമെന്ന് മല്യ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post