ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് അഞ്ജലി ആനന്ദ് കിഷോര്‍ പാണ്ഡേ എന്ന പഴയ പേരിലേക്ക് മടങ്ങുകയാണെന്ന് ഭാര്യ ആലിയ. വിവാഹമോചനം ആവശ്യപ്പെട്ട് മെയ് 7 നാണ് ആലിയ ഇമെയില്‍, വാട്ട്സ് ആപ്പ് എന്നിവ മുഖേന നോട്ടീസ് അയച്ചത്. അതേസമയം നോട്ടീസിനോട് നടന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2009 ലാണ് നവാസുദ്ദീനും ആലിയയും വിവാഹതരായത്. ഷോറയെന്ന മകളും യാനിയെന്ന മകനുമുണ്ട്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
വിവാഹമോചനത്തിന് ഒരു കാരണം മാത്രമല്ലെന്നും നവാസുമായി നിരവധി പ്രശ്നങ്ങളുണ്ടെന്നും അവയെല്ലാം ഗൗരവമേറിയതാണെന്നും ആലിയ ഒരു മാധ്യമത്തിനോട് പ്രതികരിച്ചു. അഞ്ജലി ആനന്ദ് കിഷോര്‍ പാണ്ഡേ എന്ന പഴയ പേരിലേക്ക് താന്‍ മടങ്ങുകയാണെന്നും അവര്‍ വ്യക്തമാക്കി.
ഞാനും നവാസും തമ്മിലുള്ള പ്രശ്നങ്ങള്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ആരംഭിച്ചതാണ്. ഞാന്‍ എല്ലാം കൈകാര്യം ചെയ്ത് വരികയായിരുന്നു. പക്ഷേ പരിഹരിക്കാന്‍ സാധിക്കാത്ത നിലയിലേക്ക് അവ വളര്‍ന്നതിനാലാണ് പിരിയുന്നതെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.
നോട്ടീസിലെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സംബന്ധിച്ചുള്ള ഗൗരവമേറിയ ആരോപണങ്ങളാണുള്ളതെന്നും ആലിയയുടെ അഭിഭാഷകനും ചൂണ്ടിക്കാട്ടി.
നവാസുദ്ദീനും കുടുംബവും ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ വീട്ടില്‍ ക്വാറന്റൈനിലാണ്. മെയ് 15 ന് കുടുംബാംഗങ്ങള്‍ക്കൊപ്പം മുംബൈയില്‍ നിന്ന് എത്തിയതിനാല്‍ മെയ് 25 വരെ ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.
Discussion about this post