ബെയ്ജിംഗ്: കൊറോണ വൈറസിനെതിരേയുള്ള വാക്സിന്റെ മനുഷ്യരില്‍ നടത്തിയ ആദ്യ പരീക്ഷണത്തില്‍ വിജയമെന്ന് ചൈന. 108 പേരില്‍ ആഡ്5-എന്‍കോവ് വാക്സിന് പരീക്ഷിച്ചു. വാക്സിന് സ്വീകരിച്ചവരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗപ്രതിരോധശേഷി വര്‍ധിച്ചതായി പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദി ലാന്‍സെറ്റ്’ ലേഖനത്തില്‍ അവകാശപ്പെടുന്നു.
ചൈനയിലെ ജിയാംഗ്സു പ്രോവിന്ഷ്യല് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ പ്രഫസര്‍ ഫെംഗ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം. വാക്സിന് എടുത്തവരില്‍ സാര്‍സ് കോവ്-2 വൈറസിനെതിരായ ആന്റി ബോഡി സൃഷ്ടിക്കപ്പെട്ടു. ഇവരില്‍ 28 ദിവസത്തിനുള്ളിലാണ് ആശാവഹമായ ഫലം കണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
പരീക്ഷണം പൂര്‍ണ വിജയമെന്നു പറയാന്‍ ഇനിയും സമയം ആവശ്യമാണ്. പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമോ എന്നത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണം വേണം. ആറു മാസത്തിനുള്ളില്‍ അന്തിമഫലം ലഭിക്കുമെന്നും പരീക്ഷണത്തിനു നേതൃത്വം നല്കിയവര് വ്യക്തമാക്കി.
Discussion about this post