കൊച്ചി: തദ്ദേശസ്വയംഭരണങ്ങളുടെ രൂപീകരണം, വാര്‍ഡ് വിഭജനം എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പുതിയ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും രൂപീകരണം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ എം ഷഫീക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വിധിച്ചു. 69 പഞ്ചായത്തുകളുടെ രൂപീകരണം തടഞ്ഞത് ഡിവിഷന് ബെഞ്ച് ശരിവച്ചു. നാല് മുനിസിപ്പാലിറ്റികളുടെ രൂപീകരണം തടഞ്ഞതും കോടതി ശരിവച്ചു.
തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കണം. തെരഞ്ഞെടുപ്പ് ക്രമീകരണത്തെ കുറിച്ച് കമ്മീഷന് തീരുമാനിക്കാം. 2010ലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി പറഞ്ഞു. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണം
ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ എം ഷഫീക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് സര്‍ക്കാര്‍ അപ്പീലിന്മേല് കഴിഞ്ഞദിവസങ്ങളില്‍ പ്രാഥമിക വാദം കേട്ടത്. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി രൂപീകരണം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന്മേലല്ല, സ്റ്റേ വേണമെന്ന സര്‍ക്കാര്‍ ആവശ്യത്തിലാണ് വിധിയുണ്ടാവുകയെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. സ്റ്റേ അനുവദിച്ചാല്‍ 86 ദിവസത്തിനകം പുതുക്കിയ പഞ്ചായത്ത് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിനുവേണ്ടി എജി അറിയച്ചിരുന്നത്.
വാര്‍ഡ് പുനര്‍ നിര്‍ണയ കമ്മീഷന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ 50 ജീവനക്കാരെ നിയോഗിക്കാമെന്നും കൂടുതലായി അടിസ്ഥാന സൗകര്യമൊരുക്കാമെന്നുമാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ നവംബര്‍ ഒന്നിനകം പുതിയ ഭരണസമിതി അധികാരത്തിലെത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും പുതുക്കിയ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാടെടുത്തത്.
Discussion about this post