കാലടി: ആലുവ മണപ്പുറത്ത് സിനിമ ഷൂട്ടിങ്ങിന് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ഭാഗികമായി തകര്‍ത്ത കേസില്‍ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) യുവജന സംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദള് പ്രവര്‍ത്തകരായ മൂന്ന് പേര്‍കൂടി അറസ്റ്റില്‍. ഇരിങ്ങോള്‍ കാവിശ്ശേരി വീട്ടില്‍ കെ.ആര്. രാഹുല്‍ (23), കൂടാലപ്പാട് നെടുമ്പിള്ളി വീട്ടില്‍ എന്‍.എം. ഗോകുല്‍ (25), കീഴില്ലം വാഴപ്പിള്ളില്‍ വീട്ടില്‍ വി.ആര്. സന്ദീപ് കുമാര്‍ (33) എന്നിവരാണ് ചൊവ്വാഴ്ച പിടിയിലായത്.
ഒന്നാം പ്രതിയും രാഷ്ട്രീയ ബജ്രംഗ്ദള് ജില്ല പ്രസിഡന്റുമായ മലയാറ്റൂര്‍ മണപ്പാട്ടുചിറക്ക് സമീപം വെട്ടിക്കാട്ടില്‍ വീട്ടില്‍ രതീഷ് (37), മുടക്കുഴ തേവരക്കുടി വീട്ടില്‍ രാഹുല്‍ രാജ് (19) എന്നിവര്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ഈ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തിയതായി പൊലീസ് പറഞ്ഞു.
വര്‍ഗീയത പടര്‍ത്തിയതിനും മോഷണം, സ്വകാര്യഭൂമിയില്‍ അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൊറോണ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരെയാണ് കേസ്.
Discussion about this post