പാലക്കാട്: കൈതച്ചക്കയില്‍ പടക്കം വച്ച് കാട്ടാനയെ കാെലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. സ്ഫോടകവസ്തുവുള്ള കെണി ഒരുക്കിയവരാണ് പിടിയിലായത്. അറസ്റ്റ് ഇന്നുണ്ടായേക്കും.
സ്വകാര്യതോട്ടങ്ങളുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നിലമ്പൂര്‍ വനമേഖലയില്‍ സമാനമായ രീതിയില്‍ പരിക്കേറ്റ ആനയെ കണ്ടെത്തിയതാണ് ഇതിനുകാരണം. ഈ ആനയ്ക്കും ചരിഞ്ഞ ആനയ്ക്കും ഉണ്ടായ മുറിവുകള്‍ സമാനമാണ്. പ്രദേശത്തെ ചിലര്‍ കൃഷിയിടങ്ങളിലും തോട്ടങ്ങളിലും എത്തുന്ന ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ തുരത്താനായി സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഈ സ്ഫോടക വസ്തുക്കളാണോ ആനയുടെ ജീവനെടുത്തതെന്നാണ് അന്വേഷിക്കുന്നത്.
ഈ പ്രദേശത്ത് വന്യമൃഗങ്ങളെ തുരത്താന്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ആഹാരസാധനങ്ങള്‍ വിതറുന്ന ആളുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയെന്നാണ് വിവരം.ആനയുടെ ജീവനെടുത്തത് പന്നിപ്പടക്കമാണെന്ന നിഗമനത്തിലാണ് അധികൃതര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ആന ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പും മണ്ണാര്‍ക്കാട് പൊലീസും പ്രത്യേകം കേസെടുത്തിട്ടുണ്ട്.
അതേസമയം പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുള്‍പ്പെടെ നിലയുറപ്പിച്ചിട്ടും വേണ്ടചികിത്സ നല്‍കുന്നതിന് വനംവകുപ്പ് ഒന്നും ചെയ്തില്ലെന്ന ആരോപണവുമായി പ്രദേശവാസികള്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ മാത്രമാണ് വനപാലകര്‍ ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
Discussion about this post