ബാംക്കോ : വടക്കൻ ആഫ്രിക്കയിലെ അൽ-ഖ്വയ്ദയുടെ നേതാവായ അബ്ദെൽമാലെക് ഡ്രൂക്ഡെലിനെ ഫ്രഞ്ച് സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഫ്രാൻസിന്റെ പ്രതിരോധ മന്ത്രിയായ ഫ്ലോറെൻസ് പാർലിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അൽ-ഖ്വയ്ദ ഇക്കാര്യം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ആഫ്രിക്കയിലെ വിദേശികളെ തട്ടിക്കൊണ്ടു പോയതിന്റെ മോചന ദ്രവ്യമായി ലക്ഷകണക്കിനു ഡോളറുകളാണ് ഡ്രൂക്ഡെലിന്റെ നേതൃത്വത്തിൽ സംഘടന തട്ടിയെടുത്തിരുന്നത്.ജനുവരിയിൽ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിന്റെ നേതൃത്വത്തിൽ മാലി, ബുർകിന ഫാസോ, നൈജർ,ഛാഡ് എന്നീ രാഷ്ട്രത്തലവന്മാർ തീവ്രവാദികൾക്കെതിരെ പുതിയ പ്രതിരോധ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലനമാണ് മാലെക്കിന്റെ വധമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വടക്കൻ മാലിയിൽ വെച്ചാണ് ഡ്രൂക്ഡെലിനെയും അനുയായികളെയും സൈന്യം കൊലപ്പെടുത്തിയതെന്ന് ഫ്രാൻസിന്റെ പ്രതിരോധ മന്ത്രി ട്വിറ്ററിൽ കുറിച്ചു.കൊല്ലപ്പെട്ടത് അബ്ദെൽമാലെക് ഡ്രൂക്ഡെൽ തന്നെയാണെന്ന് എങ്ങിനെ സ്ഥിരീകരിച്ചുവെന്നത് ഇപ്പോഴും വ്യക്തമല്ല.ഒരുപാട് വർഷങ്ങളായി ഡ്രൂക്ഡെൽ അൾജിരീയയിലുണ്ട്.എന്നിട്ടും അൾജീരിയൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് എന്തുകൊണ്ട് ഡ്രൂക്ഡെലിനെ കണ്ടെത്താനായില്ല എന്നതിനെ സംബന്ധിച്ചുള്ള അന്വേഷണങ്ങൾ നടന്നു വരികയാണ്.
Discussion about this post