പാലാ: ഇനി ജീവിതവഴിയില്‍ സന്തോഷ് ഒറ്റയ്ക്കല്ല. കൈത്താങ്ങായി സംഗീതയും ഒപ്പമുണ്ട്. അംഗവൈകല്യം മറന്ന് സന്തോഷിന്റെ ജീവിത സഖിയാവുകയാണ് സംഗീത എന്ന പെണ്‍കുട്ടി. മൂന്നാം വയസില്‍ പോളിയോ ബാധിച്ച് ഇരുകാലുകള്‍ക്കും വൈകല്യം ബാധിച്ച സന്തോഷിനെ വൈകല്യത്തിനപ്പുറം സ്നേഹത്തിനും കരുതലിനും മൂല്യം നല്‍കിയാണ് സംഗീത വരിച്ചത്. ഇന്നലെ കടപ്പാട്ടൂര്‍ ക്ഷേത്രസന്നിധിയിലാണ് ഇരുവരും വിവാഹിതരായത്. ഊന്നുവടികളുടെ സഹായത്തോടെ എത്തിയ സന്തോഷിനെ സംഗീതയുടെ മാതാവിന്റെ സഹോദരീപുത്രന്മാരായ റെജിയും ബാബുവും മാതാവ് സാവിത്രിയും അച്ഛന് ചന്ദ്രനും ചേര്‍ന്നാണ് സ്വീകരിച്ചത്.
തിരുവനന്തപുരം പാലോട് പച്ച സ്വദേശിയായ സന്തോഷ് ബി.ടെക്. എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. കഴക്കൂട്ടം ടെക്നോപാര്‍ക്കില്‍ സ്വന്തം സ്ഥാപനമായ വൈജെന് ടെക്നോളജിയുടെ സി.ഇ.ഒ.യാണ് സന്തോഷ്. മികച്ച ഗായകന്‍കൂടിയായ സന്തോഷ് 1997ലെ തിരുവനന്തപുരം ജില്ലാ സ്കൂള്‍ യുവജനോത്സവത്തിലെ കലാപ്രതിഭയായിരുന്നു. പ്രശസ്ത സംഗീതജ്ഞന് എം.ജി. രാധാകൃഷ്ണന്റെ ശിക്ഷണത്തിലാണ് സംഗീതപഠനം നടത്തിയിരുന്നത്.
ഐഡിയാ സ്റ്റാര്‍സിംഗര്‍ റിയാലിറ്റി ഷോയിലും നിരവധി സ്റ്റേജുകളിലും സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങളുടെയും സംഗീത ആല്‍ബങ്ങളുടെയും സിഡികളും സന്തോഷ് പുറത്തിറക്കിയിട്ടുണ്ട്. ഗസല്‍, ഹിന്ദുസ്ഥാനി സംഗീത ഉപകരണങ്ങളും ഈ കലാകാരന് വഴങ്ങും. മാതൃഭാഷ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നട, ഉറുദു ഭാഷകളും വശമാണ്. ശരവണ മന്ദിരം അപ്പുവും സരോജയുമാണ് മാതാപിതാക്കള്‍. സന്ധ്യ സഹോദരിയുമാണ്.
പാലാ വെള്ളിയേപ്പള്ളി സ്വദേശിയായ സംഗീത റാന്നി സിറ്റാഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ സുവോളജി അദ്ധ്യാപികയാണ്. ചിലമ്പില്‍ എന്‍.എ. ചന്ദ്രന്-സാവിത്രി എന്നിവരുടെ മകളാണ്. സജിതാ, സബിതാ എന്നിവര്‍ മൂത്ത സഹോദരിമാരുമാണ്. വൈവാഹിക ബ്യൂറോ വഴിയാണ് ഇവരുടെ ആലോചന എത്തിയത്. അംഗവൈകല്യമുള്ളതിനാല് ഈ ബന്ധത്തെ സംഗീതയുടെ മാതാപിതാക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും സന്തോഷിന്റെ അംഗവൈകല്യത്തെ സംഗീത പൂര്‍ണമനസ്സോടെ സ്വീകരിക്കുകയായിരുന്നു.
Discussion about this post