കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവനു 80 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 20,400 രൂപയാണ് പവന്റെ വില. ഗ്രാമിനു 10 രൂപ വര്‍ധിച്ച് 2,550 രൂപയിലാണ് വ്യാപാരം പൂരോഗമിക്കുന്നത്. വെള്ളിയാഴ്ച പവനു 480 രൂപ കൂടിയിരുന്നു.
ആഗസ്റ്റ് ആറിന് 18,720 രൂപയിലേക്ക് ഇടിഞ്ഞ പവന്‍വിലയാണ് രണ്ടാഴ്ച കൊണ്ട് 1,680 രൂപ തിരിച്ചു കയറിയത്. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് ഇവിടെയും സ്വര്‍ണവില ഉയര്‍ന്നത്. ലണ്ടന്‍ വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് വ്യാഴാഴ്ച 18 ഡോളര്‍ കുതിച്ചുയര്‍ന്ന് 1,152 ഡോളറിലെത്തി. ഒരവസരത്തില്‍ 1,162 ഡോളറിലേക്ക് വില ഉയര്‍ന്നിരുന്നു.
ചൈന മാന്ദ്യത്തിലേക്ക് നീങ്ങുന്നതായുള്ള സൂചനകളാണ് വില ഉയരാന്‍ കാരണം. ചൈനയില്‍ വ്യാവസായിക ഉത്പാദനം റെക്കോഡ് നിലയിലേക്ക് താഴ്ന്നിട്ടുണ്ട്. ഇത് മാന്ദ്യത്തിന് വഴിവെയ്ക്കുമെന്നാണ് സൂചന. സാമ്പത്തിക മാന്ദ്യമുണ്ടാകുന്ന അവസരങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടാറുണ്ട്. ഇതാണ് പെട്ടെന്നുള്ള വില വര്‍ധനയ്ക്കു കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ത്യയില്‍ വില വര്‍ധനയ്ക്കു കാരണമായി. സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവു കൂടുന്നതിനാലാണ് ഇത്.
മുംബൈ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 490 രൂപ വര്‍ധിച്ച് 27,110 രൂപയായി. വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. കിലോയ്ക്ക് 36500 രൂപയില്‍ നിന്ന് 36800 രൂപയായാണ് വില ഉയര്‍ന്നത്.
Discussion about this post