ഫ്ലോറിഡ : ബീച്ചില്‍ കളിക്കവെ സ്രാവിന്റെ ആക്രമണത്തിനിരയായിട്ടും മനഃസാന്നിധ്യം കൈവിടാതെ കടലിലകപ്പെട്ടു പോയ ആറു വയസുകാരിയെ രക്ഷപ്പെടുത്തിയ കാലെ സാര്മാര്ക്ക് എന്ന പത്തു വയസുകാരി യുഎസ് പെണ്‍കുട്ടിക്ക് അഭിനന്ദന പ്രവാഹം. മുതിര്‍ന്നവര്‍ പോലും പതറിപ്പോയേക്കാവുന്ന സാഹചര്യത്തിലാണ് സ്വന്തം ജീവന് പോലും പരിഗണിക്കാതെ കൂട്ടുകാരിക്ക് സഹായഹസ്തം നീട്ടി പത്തു വയസ് മാത്രം പ്രായമുള്ള കാലെ സാര്മാര്ക്ക് എന്ന പെണ്‍കുട്ടി ലോകത്തിന് മാതൃകയായത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം ഫ്ലോറിഡയ്ക്കടുത്ത് ജാക്സോണ്വില്ലയിലെ ബീച്ചിലെത്തിയതായിരുന്നു കാലെ സാര്മാര്ക്ക്. ബീച്ചിന് സമീപം കടലിലിറങ്ങി കളിക്കവെ അപ്രതീക്ഷിതമായി സ്രാവ് ആക്രമിക്കുകയായിരുന്നു. മൂന്നടിയിലേറെ നീളമുള്ളതായിരുന്നു സ്രാവ്. വലതുകാലില്‍ സ്രാവിന്റെ കടിയേറ്റ് ഗുരുതര പരുക്കുകളോടെ ഒരുവിധം കരയ്ക്ക് കയറിയപ്പോഴാണ് കാലെ അറിയുന്നത്, അത്രയും നേരം ഒപ്പം കളിച്ച ആറു വയസ് മാത്രം പ്രായമുള്ള കൊച്ചുകൂട്ടുകാരി കടലില്‍ ഒറ്റപ്പെട്ടു പോയിരിക്കുന്നു. പെണ്‍കുട്ടിയോട് കയറിവരാന്‍ അവള് അലറി പറഞ്ഞെങ്കിലും കൊച്ചുപെണ്കുട്ടിക്കതിനായില്ല. അതോടെ, പതിയിരിക്കുന്ന അപകടങ്ങളെ അവഗണിച്ച് ചോരയൊലിക്കുന്ന കാലുമായി കാലെ സാര്മാര്ക്ക് കടലിലേക്കിറങ്ങി ചെന്ന് കൂട്ടുകാരിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കൊച്ചു കൂട്ടുകാരിയുടെ ജീവന് രക്ഷിച്ചതിന് പ്രതിഫലമായി പക്ഷേ കാലെ സാര്മാര്ക്കിന് വേണ്ടിവന്നത് 90 തുന്നലുകളാണ്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അവളുടെ കാല് ഡോക്ടര്‍മാര്‍ക്ക് തുന്നിക്കൂട്ടാനായത്. കെയ്ലിക്ക് വൈകല്യമൊന്നും ഉണ്ടാകില്ലെന്നും കുട്ടി സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്തായാലും പെണ്‍കുട്ടി പൂര്‍ണമായും സുഖപ്പെടുമെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന ഉറപ്പ്. അവള്‍ക്ക് പഴയതുപോലെ ചാടിത്തുള്ളി നടക്കാനാകുമെന്നും അവര്‍ പറയുന്നു. മകളെയോര്‍ത്ത് താന്‍ ഏറെ അഭിമാനിക്കുന്നതായി ഒരു അഗ്നിശമന സേനാംഗം കൂടിയായ കെയ്ലിയുടെ പിതാവ് ഡേവ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.
സ്വന്തം ജീവന് പോലും പരിഗണിക്കാതെ കൊച്ചുകൂട്ടുകാരിയുടെ ജീവന് രക്ഷിക്കാന്‍ പോയ കാലെ സാര്മാര്ക്കിന്റെ ധീരത ലോക മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post