മലപ്പുറം; നിലമ്പൂർ മൂത്തേടത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തിയ നാല് ഡിവൈഎഫ്ഐ പ്രാദേശികനേതാക്കൾ അറസ്റ്റിൽ. എടക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ. മൂത്തേടം മേഖലാസെക്രട്ടറി പി.കെ. ഷഫീഖ്, പ്രവർത്തകരായ ഷബീബ് മനയിൽ, ജോഷി താളിപ്പാടം, ബെനി സദർ എന്നിവരാണ് അറസ്റ്റിലായത്.
പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതിനും കൊറോണ ചട്ടങ്ങൾ ലംഘിച്ചതിനും കേസുകൾ ചുമത്തി അറസ്റ്റു ചെയ്ത ഇവരെ ജാമ്യത്തിൽവിട്ടു.
അതിനിടെ വിവാദമുദ്രാവാക്യവുമായി ബന്ധപ്പെട്ട് മേഖലാസെക്രട്ടറി പി.കെ. ഷഫീഖിനെ സംഘടനയുടെ ചുമതലകളിൽ നിന്ന് നീക്കിയതായി ജില്ലാസെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കണ്ണൂരിൽ അരിയിൽ ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്നും തുരുമ്പെടുത്തിട്ടില്ലെന്നുമുള്ള മുദ്രാവാക്യമാണ് വിവാദമായത്. പ്രകോപനമുദ്രാവാക്യം വിളിച്ചവരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച യൂത്ത്ലീഗ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ എടക്കര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
Discussion about this post