ഡല്‍ഹി: കൊറോണ രോഗികളുടെ ചികിത്സയ്ക്ക് ഡെക്സമെത്തസോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. മിഥൈല്‍ പ്രെഡ്നിസൊളോണ്‍ എന്ന മരുന്നിനു പകരമാണ് വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നായ ഡെക്സമെത്തസോണ്‍ നല്‍കുന്നത്. തീവ്ര ലക്ഷണങ്ങളുള്ളവരും മിതമായ ലക്ഷണങ്ങളുള്ളവരുമായ രോഗികളില്‍ ഇത് പ്രയോഗിക്കാം. തീവ്രമോ ഗുരുതരമോ ആയ രോഗമുള്ളവര്‍ക്ക് സൂക്ഷ്മ വൈദ്യ നിരീക്ഷണത്തിനു കീഴില്‍ മാത്രമേ ഡെക്സമെത്തസോണ്‍ നല്കാന് പാടുള്ളൂവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രിട്ടനില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളുടെ ജീവന് രക്ഷിക്കാന്‍ ഡെക്സമെത്തസോണ്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഡെക്സമെത്തസോണ്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന ആഹ്വാനം ലോകാരോഗ്യ സംഘടന നടത്തുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശം എന്ന നിലയില്‍ തയ്യാറാക്കിയ ‘ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോക്കോള്‍: കോവിഡ് 19-ന്റെ പരിഷ്കരിച്ച പതിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഓക്സിജന്‍ സഹായം ആവശ്യമായവര്‍ക്കും അമിതമായ കോശജ്വലന പ്രതികരണം (excessive inflammatory response) ഉള്ളവര്‍ക്കും ഡെക്സമെത്തസോണ്‍ നല്‍കാമെന്ന് പുതുക്കിയ ‘ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോക്കോള്‍: കൊറോണ’ പറയുന്നു. മണവും രുചിയും നഷ്ടപ്പെടുന്നത് കൊറോണയുടെ പുതിയ ലക്ഷണങ്ങളായും ഈ മാര്‍ഗ നിര്‍ദേശത്തില്‍ ചേര്‍ത്തിട്ടുണ്ട്.
വീക്കം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഡെക്സമെത്തസോണ്‍ കഴിഞ്ഞ 60 വര്‍ഷത്തിലധികമായി വിപണിയില്‍ ലഭ്യമാണ്. ഈയടുത്ത്, അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ടായിരത്തോളം കൊറോണ രോഗികള്‍ക്ക് ഡെക്സമെത്തസോണ്‍ നല്‍കിക്കൊണ്ട് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷക സംഘം പഠനം നടത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വസിക്കാന്‍ കഴിഞ്ഞിരുന്ന ഇവരില്‍ മരണ നിരക്ക് 35% കുറഞ്ഞതായി കണ്ടെത്തുകയും ചെയ്തിരുന്നു.
Discussion about this post