ചൈനീസ് വാഹന നിർമാതാക്കളായ ഹൈമ ഓട്ടോമൊബൈലിന് ലഭിച്ചത് വൻ തിരിച്ചടി. കൊറോണ വൈറസ് വ്യാപനവും നിലവിലെ ഇന്ത്യാ – ചൈനാ അതിർത്തി പ്രശ്നങ്ങളും ഇന്ത്യാ പ്രവേശനത്തെ അവതാളത്തിലാക്കിയിരിക്കുന്നത്. ഹൈമയുടെ 7 എക്സ് എന്ന എംപിവി ടൊയോട്ടയുടെ ഇന്ത്യയിലെ ജനപ്രിയ എംപിവി ഇന്നോവയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഡൽഹി ഓട്ടോ എക്സ്പോയിൽ കമ്പനി ഈ വാഹനത്തെയും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ചൈനയിലിറങ്ങിയ വാഹനമാണിത്.
ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിനു മുന്നോടിയായി കമ്പനി കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പങ്കെടുത്തിരുന്നു. ഡൽഹി ആസ്ഥാനമായ ബേഡ് ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ബേഡ് ഇലക്ട്രിക്കുമായി സഹകരിച്ചായിരുന്നു ഹൈമ ഓട്ടോമൊബൈൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ കൊറോണയും അതിർത്തി മേഖലകളിലെ ഇന്ത്യ — ചൈന സംഘർഷാവസ്ഥയും സംയുക്ത സംരംഭത്തിനു മേൽ കരിനിഴൽ വീഴ്ത്തുകയായിരുന്നു.
ഹൈമ ഓട്ടോമൊബൈൽസിന്റെ വൈദ്യുത വാഹന നിർമാണ വിഭാഗമായ ഹൈമ ന്യൂ എനർജിയുമായി സഹകരിക്കാനായിരുന്നു ബേഡ് ഇലക്ട്രിക്കിന്റെ പദ്ധതി. ഡൽഹി ഓട്ടോ എക്സ്പോയില്‍ മൂന്ന് മോഡലുകളാണ് ഹൈമ അണിനിരത്തിയത്. ത്രിമൂര്‍ത്തികളില്‍ ഹൈമ 7എക്സ്, ഹൈമ 8 എസ്, ഹൈമ ഇ1 എന്നിങ്ങനെ മൂന്നു മോഡലുകളെയാണ് അവതരിപ്പിച്ചത്.
ഇതില്‍ ഹൈമ ഇ1 ഇവി ആയിരിക്കും ഹൈമ ഓട്ടോമൊബൈലിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ഹൈമ ഐഷാംഗ് ഇവി 360 എന്ന പേരില്‍ വില്‍ക്കുന്ന വാഹനത്തെ 10 ലക്ഷം രൂപയ്ക്കു 2022-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു നീക്കം. ബേഡ് ഇലക്ട്രിക് –ഹൈമ സംയുക്ത സംരംഭത്തിന്റെ ഈ വൈദ്യുത വാഹനം നിലവിൽ രൂപകൽപ്പനാ ഘട്ടത്തിലാണ്.
അതേസമയം അതിർത്തിയിലെ സംഘർഷം രൂക്ഷമായതോടെ ഇന്ത്യയിൽ ബോയ്കോട്ട് ചൈന ക്യാപെയിൻ ശക്തമാവുകയാണ്.
Discussion about this post