ബംഗലൂരു: കർണ്ണാടകയിൽ ഗോവധ നിരോധനവും ബീഫ് നിരോധനവും നടപ്പിലാക്കാൻ നീക്കം. ഇതിനുള്ള സാദ്ധ്യതകൾ പരിശോധിച്ചു വരികയാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ അറിയിച്ചു. 2012ലെ ഗോവധ നിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ പഠിക്കാൻ വിദഗ്ദ്ധ സമിതിക്ക് ഉടൻ രൂപം നൽകുമെന്നും മന്ത്രി അറിയിച്ചു.
ഗോവധ നിരോധനം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി നൽകിയ വാഗ്ദാനമായിരുന്നു സംസ്ഥാനത്ത് ഗോഹത്യയും ബീഫും നിരോധിക്കുക എന്നത്. 2010ൽ യെദ്യൂരപ്പ സർക്കാർ സംസ്ഥാനത്ത് ഗോവധം നിരോധിക്കാൻ ബിൽ കൊണ്ടു വന്നിരുന്നു. എന്നാൽ 2013ൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നതോടെ ബിൽ പിൻവലിക്കുകയായിരുന്നു.
ഡൽഹി, തനിഴ്നാട്, ഉത്തർ പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ആസ്സാം, ബിഹാർ, ഹരിയാന, മദ്ധ്യ പ്രദേശ്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഝാർഖണ്ഡ്, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളിൽ ഗോവധ നിരോധന നിയമം പ്രാബല്യത്തിലുണ്ട്. ഗോഹത്യ നടത്തുന്നവർക്ക് പത്ത് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ഏർപ്പെടുത്തി ഉത്തർ പ്രദേശ് സർക്കാർ അടുത്തിടെ നിയമം പരിഷ്കരിച്ചിരുന്നു.
Discussion about this post