ജപ്പാന് ഉള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളിലും സൈക്കിള്‍ ഒരു പ്രധാന യാത്രാഉപാധിയാണ്. അതുകൊണ്ടുതന്നെ സൈക്കിളോട്ടവുമായി ബന്ധപ്പെട്ട നിയമങ്ങളും ശക്തംമാണ്. മദ്യപിച്ച് ബൈക്കോടിക്കുന്നതു പോലെത്തന്നെ നിയമവിരുദ്ധമാണ് അവിടെ മദ്യപിച്ച് സൈക്കിളോടിക്കുന്നതും. പിഴ വീഴുമെന്നതുറപ്പ്. പക്ഷേ എന്നിട്ടും അവിടെ മദ്യപിച്ച് സൈക്കിളോടിച്ചുണ്ടാകുന്ന അപകടങ്ങളേറിവരികയാണ്. ഈ സാഹചര്യത്തിലാണ് കോഹു എന്ന സൈക്കിള്‍ നിര്‍മാണ കമ്പനി ഒരു പ്രത്യേക ലോക്കുമായി രംഗത്തെത്തിയത്.
ആല്ക്കഹോ-ലോക്ക് എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനം ഒരു സ്നേഹപ്പൂട്ടാണ്, ഒപ്പം ഒരു ബ്രെത്തലൈസറും. ഈ പൂട്ട് തുറക്കണമെങ്കില്‍ ഇതുമായി ഘടിപ്പിച്ചിട്ടുള്ള ബ്രെത്തലൈസറില്‍ ഊതണം. നിങ്ങള്‍ എത്ര മദ്യപിച്ചിട്ടുണ്ടെങ്കിലും പൂട്ട് തുറക്കും. പക്ഷേ സംഗതി അതല്ല, അളവില്‍ കൂടുതലാണ് നിങ്ങളുടെ മദ്യപാനമെങ്കില്‍ ഈ ലോക്കില്‍ നിന്ന് ഓട്ടമാറ്റിക്കായി നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ നമ്പറിലേക്ക് ഒരു സന്ദേശം പോകും–നിങ്ങള്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കാന്‍ പോകുകയാണെന്നായിരിക്കും അത്.
ആല്ക്കഹോ-ലോക്കില്‍ ഇത്തരത്തില്‍ മെസേജ് പോകേണ്ടത് ആരുടെ നമ്പറിലേക്കാണെന്നതും നിങ്ങള്‍ക്ക് സെറ്റ് ചെയ്യാം. ഭാര്യയോ മകളോ അമ്മയോ കാമുകിയോ ഇങ്ങനെ ആരുടെ വേണമെങ്കിലും. എന്തായാലും മെസേജ് ലഭിച്ചാലുടന്‍ നമ്പറിന്റെ ഉടമ തിരികെ വിളിക്കുമെന്നത് ഉറപ്പാക്കണം. സ്നേഹവാക്കുകള്‍ കേട്ട് മനസ്സുമാറി സൈക്കിളും ഉന്തി കക്ഷി വീട്ടിലേക്കു വരുമെന്നാണ് കോഹു കമ്പനിയുടെ പ്രതീക്ഷ. ഇതുപക്ഷേ ഒരു പരസ്പരവിശ്വാസത്തിലേ പ്രവര്‍ത്തിക്കൂ, അതുകൊണ്ടാണ് ‘സ്നേഹപ്പൂട്ടെ’ന്ന് ആദ്യമേ വിശേഷിപ്പിച്ചതും.
പരീക്ഷണമെന്ന നിലയിലാണ് ഈ കുഞ്ഞന്‍ മഞ്ഞ ലോക്ക് വിപണിയിലെത്തിച്ചിരിക്കുന്നത്. പക്ഷേ വില കഠിനമാണ്-320 ഡോളര്‍ (ഏകദേശം 20800 രൂപ). ആല്ക്കഹോ-ലോക്കിനോടൊപ്പം ആന്‍ഡ്രോയിഡ് മൊബൈലില്‍ ഒരു ആപ്പും സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു തരും. ഒറ്റത്തവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ ബ്രെത്തലൈസറിലൂടെ 40 തവണ വരെ ടെസ്റ്റ് നടത്താമെന്ന നേട്ടവുമുണ്ട്. എന്തൊക്കെയാണെങ്കിലും ലോക്കിന്റെ പ്രചാരണത്തിനായി തയാറാക്കിയ വിഡിയോയാണ് ഇപ്പോള്‍ യൂട്യൂബില്‍ അതിനേക്കാളും ഹിറ്റായിരിക്കുന്നത്.
https://www.youtube.com/watch?v=ESK4ewJR_tM
Discussion about this post