സമകാലിക കേരളീയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിൽ സിപിഎം അധികാരം നിലനിര്‍ത്താനുള്ള സാദ്ധ്യത വിദൂരമാണെന്ന് രാഷ്ട്രീയ നിരീക്ഷകനും സാംസ്കാരിക വിമര്‍ശകനുമായ കെ വേണു.
ഇതാദ്യമായി കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്കുള്ള കളമൊരുങ്ങുകയാണെന്നും പിണറായി വിജയന്റെ നേതൃത്വത്തില്‍ സി.പി.എം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടുമെന്നുമുള്ള നിരീക്ഷണങ്ങള്‍ ഇടക്കാലത്തുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തുണ്ടായ വിവാദങ്ങള്‍ സി.പി.എമ്മിന്റെ ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭരണ തുടർച്ച ഉണ്ടാകുമെന്നൊരു പ്രതീതി ഇടക്കാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു എന്നത് വാസ്തവമാണ്. സി.പി.എം. അധികാരം നിലനിര്‍ത്താനുള്ള സാദ്ധ്യതയാണുള്ളത് എന്ന പ്രതീതി. അത്തരമൊരാശങ്ക എനിക്കുമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അതിനുള്ള സാദ്ധ്യത അതിവിദൂരമാണെന്നും വേണു ചൂണ്ടിക്കാട്ടി.
ഭരണത്തുടര്‍ച്ച സി.പി.എമ്മിന്റെ സ്വപ്നമായി അവശേഷിക്കുമെന്ന പരിസരമാണ് ഇപ്പോള്‍ കേരള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കുന്നത്. സി.പി.എമ്മിനെ വീണ്ടും അധികാരത്തിലേറ്റാന്‍ കേരള ജനത തയ്യാറാകുന്ന ഒരന്തരീക്ഷം ഇപ്പോള്‍ ദൃശ്യമല്ല. വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ പ്രസരണത്തിനും പോഷണത്തിനും ഭരണത്തുടര്‍ച്ച ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post