ചെന്നൈ: കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചും ഇ-പാസ് എടുക്കാതെയും കൊടൈക്കനാലിലെത്തിയ തമിഴ് സിനിമ നടന്മാര്ക്കെതിരെ കേസ്. സൂരി, വിമല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തമിഴ്നാട്ടില്‍ നിലവില്‍ അന്തര്‍ ജില്ല യാത്രക്ക് ഇ-പാസ് നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ ജൂലൈ 18ന് തിരുച്ചിയില്‍ നിന്നാണ് വിമലും മധുരയില്‍ നിന്ന് സൂരിയും ഡിണ്ടുഗല്‍ ജില്ലയിലെ കൊടൈക്കനാലില്‍ എത്തിയത്. മൂന്നുമാസക്കാലമായി കൊടൈക്കനാലിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കയാണ്.
കൊടൈക്കനാലിലെ സംരക്ഷിത വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന ബെറിജാം തടാകത്തില്‍ സംഘം മിന്പിടുത്തത്തിലുമേര്പ്പെട്ടു. ചില വനം അധികൃതരുടെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് ഇവര്‍ വനഭാഗത്തേക്ക് പ്രവേശിച്ചത്. വനം വകുപ്പിെന്റ ഗസ്റ്റ്ഹൗസിലായിരുന്നു താമസം.
സംഭവം വിവാദമായതോടെ സംഘാംഗങ്ങളില്‍ നിന്ന് ഫോറസ്റ്റ് അധികൃതര്‍ 2,000 രൂപ വീതം പിഴ ഈടാക്കി. വകുപ്പുതല അന്വേഷണത്തിനും ഉന്നത വനം ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു.
ഇ-പാസില്ലാതെ സംഘം നിരവധി പൊലീസ്-വനം ചെക്പോസ്റ്റുകള്‍ കടന്നെത്തിയതില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. കൊടൈക്കനാല്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വൈറലാണ്. പ്രതികളുടെ പേരില്‍ പകര്‍ച്ചവ്യാധി നിയമ പ്രകാരമാണ് കൊടൈക്കനാല്‍ പൊലീസ് കേസെടുത്തത്.
Discussion about this post