തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തില്‍ ഭീകര ബന്ധമുണ്ടെന്ന് അരക്കെട്ടുറപ്പിക്കുന്നതാണ് കൈവെട്ട് കേസിലെ പ്രതിയുടെ അറസ്റ്റ് എന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. കേരള സര്‍ക്കാരാണ് അതിന് ഉത്തരവാദി. കോളേജ് പ്രൊഫസര്‍ ജോസഫിന്റെകൈവെട്ട് കേസന്വേഷണത്തില്‍ സര്‍ക്കാര്‍ കാട്ടിയ നിസംഗതയും നിഷ്ക്രിയത്വവുമാണ് പ്രതികള്‍ക്ക് കൂടുതല്‍ ശക്തമായതീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ സാഹചര്യം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കൈവെട്ട് കേസിലെ 24-ാം പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ആലി. ആ കേസിലെ പ്രതികളുടെ സാമ്പത്തിക സ്രോതസ്സും ദേശദ്രോഹ പ്രവര്‍ത്തനങ്ങളും ഭീകര ബന്ധങ്ങളും കേരള പോലീസ് അന്വേഷിച്ചില്ല. തന്മൂലം വീണ്ടും പ്രതികളും അവരെ പിന്തുണച്ച ശക്തികളും തീവ്രവാദ ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. സ്വര്‍ണ്ണക്കടത്തിന്റെ പിന്നിലെ ദേശദ്രോഹ ശക്തികളുടെ ബന്ധങ്ങള്‍ ഓരോന്നായി അനാവരണം ചെയ്തു വരികയാണ്. കേരളത്തില്‍ ഐഎസ് എന്ന ആഗോള ഭീകരവാദ പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവര്‍ത്തനമുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെറിപ്പോര്‍ട്ട് ഈ അവസരത്തില്‍ കൂട്ടിവായിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസിന്റെ നാളിതുവരെയുള്ള ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളും സര്‍ക്കാര്‍ ചെവികൊണ്ടില്ല. കള്ളക്കടത്തുകേസിന്റെ അന്വേഷണത്തിലൂടെ പുറത്തുവന്നു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ കേരളത്തിലെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ അടിവേരുകള്‍ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. ഇനിയെങ്കിലും കേരള സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന് അഭ്യര്‍ത്ഥിച്ചു.
Discussion about this post