ഫൈസാബാദ്: അയോധ്യയില്‍ രാമക്ഷേത്ര പുനർ നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന് നടക്കും. പതിനൊന്നരയ്ക്ക് തുടങ്ങുന്ന ഭൂമിപൂജ രണ്ട് മണിവരെ നീളും. പതിനൊന്ന് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഏർ പ്പെടുത്തിയിരിക്കുന്നത്.
32 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും. പന്ത്രണ്ട് നാല്പത്തിനാലും എട്ട് സെക്കന്റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക. 175 പേര് ചടങ്ങില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേരാണ് വേദിയിലുണ്ടാവുക. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിട്ടുണ്ട്.
ആര്.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യു.പി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മോദിയോടൊപ്പം വേദി പങ്കിടുക. ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീ രാം ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഒരു പാരിജാത വൃക്ഷ തൈ നടുമെന്ന് മഹാന്ത് രാജ്കുമാര് ദാസ് വ്യക്തമാക്കി. ഈ വൃക്ഷത്തെ ദൈവികമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും.
Discussion about this post