ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷം ജൂണ്‍ 11ന് തുറന്ന ക്ഷേത്രത്തിലെ മൂന്ന് ജീവനക്കാര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
നേരത്തെ ക്ഷേത്രത്തിലെ മുന്‍മുഖ്യ പൂജാരി ക്ഷേത്ര ട്രസ്റ്റിന് കീഴിലെ ആശുപത്രിയില്‍ മരിച്ചിരുന്നു. 338 ജീവനക്കാര്‍ തിരുമല തിരുപ്പതി ദേവസ്ഥാനം റസ്റ്റ് ഹൗസില്‍ ചികിത്സയില്‍ കഴിയുകയാണ്. രോഗികളുടെ എണ്ണം കൂടിയതോടെ മറ്റുചില റസ്റ്റ് ഹൗസുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.
രോഗം ബാധിച്ച ജീവനക്കാരില്‍ 402 പേര് രോഗമുക്തരായി ക്ഷേത്രത്തില്‍ മടങ്ങിയെത്തിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ധനലാഭം കണക്കാക്കിയാണ് ക്ഷേത്രം തുറന്നതെന്ന ആരോപണം ചിലരുടെ കുടിലതയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനുളള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും ഭക്തര്‍ ഇക്കാര്യത്തില്‍ പൂര്‍ണ തൃപ്തരാണെന്നുമാണ് അധികൃതര്‍ പറയുന്നത്. ജൂലായ് വരെ 2.38 ലക്ഷം ഭക്തജനങ്ങളാണ് ദര്‍ശനം നടത്തിയത്. ഒരു ദിവസം 12,000 പേര്‍ക്ക് ദര്‍ശനം നല്കുന്ന രീതിയിലാണ് ക്ഷേത്രം ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം തുറന്നത്.
Discussion about this post