പുതുക്കാട്: ദേശീയപാത 47ലെ പാലിയേക്കര ടോള്‍പ്ലാസയിലെ ടോള്‍നിരക്ക് സെപ്റ്റംബര്‍ ഒന്ന് അര്‍ദ്ധരാത്രി മുതല്‍ കുറയും. ഹെവി, വാണിജ്യ വാഹനങ്ങളുടെ നിരക്കുകളും കാര്‍, ജീപ്പ് എന്നിവയുടെ പ്രതിമാസ നിരക്കുമാണ് കുറയുക. ബസിന്റെയും ട്രക്കിന്റെയും ഒരു വശത്തേക്കുള്ള യാത്രാനിരക്ക് 235ല്‍ നിന്ന് 230 ആയും ഇരുവശത്തേക്കുള്ള നിരക്ക് 350ല്‍ നിന്ന് 340 രൂപ ആയുമാണ് കുറയുന്നത്. പ്രതിമാസ യാത്രനിരക്കില്‍ 165 രൂപയാണ് കുറയുക. വലിയ വാഹനങ്ങളുടെ ഒരുവശത്തേക്കുള്ള യാത്രാനിരക്ക് 10 രൂപയും ഇരുവശത്തേക്കുള്ളത് 15 രൂപയും കുറയും. പ്രതിമാസനിരക്ക് 260 രൂപയും കുറയും.
കാര്‍, ജീപ്പ് വാഹനങ്ങളുടെ ഒരു വശത്തേക്കും ഇരുവശത്തേക്കുമുള്ള നിരക്കുകള്‍ മാറ്റമില്ലാതെ തുടരും. ഒരു വശത്തേക്ക് 65 രൂപയും ഇരുവശത്തേക്കുമായി നൂറു രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. ദേശീയ ജീവിത നിലവാര സൂചിക അനുസരിച്ച് എല്ലാവര്‍ഷവും രാജ്യത്തെ ടോള്‍പ്ലാസകളിലെ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കാറുണ്ട്. കരാര്‍ പ്രകാരം സെപ്റ്റംബര്‍ ഒന്നു മുതലാണ് ഇതു നിലവില്‍ വരിക. ഇത്തവണ മൊത്തവില സൂചിക പ്രകാരമുള്ള നാണയപ്പെരുപ്പം കുറഞ്ഞതാണ് ടോള്‍നിരക്കും കുറയാന്‍ ഇടയാക്കിയത്. ടോള്‍ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് നിരക്കില്‍ കുറവ് വരുന്നത്.
Discussion about this post