ശ്രീനഗര്‍: ജമ്മു കശ്മീരിലെ രണ്ട് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുന:സ്ഥാപിച്ചു. ഗന്ദെര്‍ബാല്‍, ഉദംപൂര്‍ ജില്ലകളിലാണ് ഞായറാഴ്ച രാത്രി ഒമ്പത് മുതല്‍ ഇന്റര്‍നെറ്റ് സേവനം പുന:സ്ഥാപിച്ചതെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് മേഖലയില്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചത്.
കശ്മീരില്‍ ഇന്റര്‍നെറ്റ് പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയുടെ ശുപാര്‍ശ പ്രകാരം രണ്ട് ജില്ലകളില്‍ 4ജി ഇന്റര്‍നെറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
കശ്മീര്‍ ഡിവിഷനിലെയും ജമ്മു ഡിവിഷനിലെയും ഓരോ ജില്ലകള്‍ വീതമാണ് ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ജില്ലകളില്‍ നിയന്ത്രണവിധേയമായി 4ജി ഇന്റര്‍നെറ്റ് ലഭ്യമാക്കിയ ശേഷം സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തും. പോസ്റ്റ് പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് മാത്രമാണ് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാവുക. പ്രി-പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വെരിഫിക്കേഷന് പൂര്‍ത്തിയായ ശേഷമേ സേവനം ലഭ്യമാവുകയുള്ളൂ.
Discussion about this post