ഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സാങ്കേതിക നവീകരണത്തിനൊരുങ്ങി ബി.എസ്.എഫ്. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നവീകരണം. ഇതിനായി 436 മെെക്രാേ ഡ്രോണുകളും അതിര്‍ത്തിയില്‍ ഡ്രോണ്‍ നശീകരണ സംവിധാനങ്ങളും സേനയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചു.
പഞ്ചാബ്, കാശ്മീര്‍ അതിര്‍ത്തികളിലൂടെ നുഴഞ്ഞു കയറ്റ ശ്രമമുണ്ടാവുകയും ആയുധങ്ങള്‍ വഹിച്ചു കൊണ്ടുളള ഡ്രോണുകള്‍ അതിര്‍ത്തി കടന്നു വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ബി.എസ്.എഫിന്റെ നടപടി. ബി.എസ്.എഫ് ഡയറക്ടര്‍ ജനറലായി രാകേഷ് അസ്താന ചുമതലയേറ്റതിന് പിന്നാലെയാണ് തീരുമാനം.
സി.ഐ.ബി.എം പദ്ധതി പ്രകാരം പാക്കിസ്ഥാന്, ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബി.എസ്.എഫിന്റെ 1923 പോസ്റ്റുകളില്‍ സെന്‍സറുകള്‍ സജ്ജീകരിക്കും. മെെക്രാേ ഡ്രോണുകളുടെ സഹായത്തോടെ അതിര്‍ത്തികളില്‍ പൂര്‍ണമായും നിരീക്ഷണം നടത്താനാകും. ഇതിനൊപ്പം ഡ്രോണ്‍ നശീകരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശത്രു രാജ്യത്തിന്റെ ഡ്രോണുകളെ എളുപ്പത്തില്‍ കണ്ടെത്താനും നശിപ്പിക്കാനും സാധിക്കും. മൈക്രോ ഡ്രോണുകളുടെ വില ഏകദേശം 88 കോടി രൂപ വരുമെന്നും സുരക്ഷാ ഏജന്‍സികളുടെ സഹായത്തോടെ ബി.എസ്.എഫ് നിലവില്‍ പാക്കിസ്ഥാനുമായുള്ള പഞ്ചാബ് അതിര്‍ത്തിയില്‍ ഒരു ഡ്രോണ്‍ നശീകരണ സംവിധാനം പരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണയാണ് പാക്കിസ്ഥാനില്‍ നിന്നുളള ഭീകരവാദികള്‍ ചെെനീസ് വാണിജ്യ ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം പഞ്ചാബിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരവാദികളെ ബി.എസ്.എഫ് സൈനികര്‍ വെടിവച്ച് കൊന്നിരുന്നു.
Discussion about this post