മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ സിനിമാ ലോകത്തേക്ക് ചുവടെടുത്ത് വച്ചത് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം.
താരത്തിന്റെ വാക്കുകളിലൂടെ:-
ഡിഗ്രി കഴിഞ്ഞാൽ എന്ത് എന്ന ചിന്തയ്ക്ക് എന്റെ മനസ്സിൽ ഒട്ടും ഇടം ഉണ്ടായിരുന്നില്ല. സിനിമയാണ് എന്റെ ലക്ഷ്യമെന്ന് മനസ്സ് ഉറപ്പിച്ചിരുന്നോ? അറിയില്ല. ആ നാളുകളിലാണ് എന്റെ സുഹൃത്തുക്കളായ സുരേഷിന്റേയും അശോകിന്റേയും കണ്ണിൽ ഒരു പത്രപരസ്യം ഉടക്കുന്നത്. സുരേഷ് ആ പത്ര പരസ്യം ഉറക്കെ വായിച്ചു. നവോദയുടെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു എന്നായിരുന്നു ആ പരസ്യം. സുഹൃത്തുക്കൾ എഴുതി തയ്യാറാക്കിയ അപേക്ഷ അയക്കാൻ അടുത്ത ദിവസം പോസ്റ്റ്ഓഫിസിൽ എത്തിയപ്പോൾ ചില്ലറ വേണമെന്ന് ജീവനക്കാരൻ പറഞ്ഞു. ആ കത്ത് അയക്കാതെ ഞാൻ തിരിച്ച് സുരേഷിന്റെ വീട്ടിലേക്ക് മടങ്ങി. പിന്നെ സുരേഷിന്റെ അമ്മയാണ് അയാളെ കൊണ്ട് ആ കത്ത് അയപ്പിച്ചത്.
രണ്ടാം നാൾ ആലപ്പുഴയിൽ നവോദയയുടെ ഓഫിസിൽ എത്താനുള്ള ടെലിഗ്രാം എന്നെ തേടിയെത്തി. എന്നെ പോലെ ഒരുപാട് പേർ അവിടെ എത്തിയിരുന്നു. ഫാസിലും ജിജോയും സിബി മലയിലും ജോസ്മോനുമൊക്കെയായിരുന്നു ഇന്റർവ്യൂ ബോർഡിൽ. അഭിനയിച്ചു കാണിക്കാനുള്ള ഭാഗം എനിക്ക് ഫാസിൽ പറഞ്ഞു തന്നു. ‘ഹാലോ പ്രേം, പ്രേം കൃഷ്ണൻ ,ഐ ആം നരേന്ദ്രൻ ആൻഡ് ദിസ് ഈസ് മിസ്സിസ് പ്രഭാ നരേന്ദ്രൻ’ എന്നുള്ളതായിരിക്കുന്നു ആ ഡയലോഗ്. ഞാൻ ഇന്നും വിശ്വസിക്കുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനെ കണ്ടുപിടിക്കാൻ ഫാസിലിനും ജിജോയ്ക്കും തെറ്റ് പറ്റിയിട്ടില്ലെന്നുള്ളതാണ്.
ജഡ്ജസായിരുന്നു മറ്റെല്ലാവരും രണ്ടും മൂന്നും മാർക്ക് എനിക്കിട്ടപ്പോൾ ജിജോയും ഫാസിലും എനിക്ക് തന്നത് 90, 95 എന്നീ മാർക്കുകളാണ്.
നരേന്ദ്രൻ എന്നെ കൊണ്ട്പോയ ദൂരങ്ങൾ എത്രയാണെന്ന് എനിക്ക് അറിയില്ല. 40 കൊല്ലം കടന്നുപോയിട്ടും നരേന്ദ്രനോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകളുടെ താഴ നിന്ന എന്നെ ഉയരങ്ങളിലേക്ക് പിടിച്ചു കയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി നരേന്ദ്രൻ ഇന്നും എന്റെ മുന്നിലുണ്ട്. സിനിമയിൽ തന്നെ നീ നിലനിൽക്കും എന്ന വരം പോലെയായിരുന്നു എനിക്ക് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’. അതിനുശേഷം എത്ര ശ്രമിച്ചിട്ടും എനിക്ക് എന്റെ വീട്ടിലേക്ക് പഴയ ലാലുവായി തിരികെ വരാൻ കഴിഞ്ഞിട്ടില്ല.”
മലയാള സിനിമയിൽ മൂന്ന് പുതുമുഖങ്ങൾ ഒരുമിച്ച് അരങ്ങേറിയ ചിത്രമാണ് 1980ൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’. ഫാസിലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
Discussion about this post