തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം വ്യക്തമായ തിരക്കഥയുടെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടാകാതിരിക്കാന്‍ എന്നപേരില്‍ പൊതുഭരണവകുപ്പ് കഴിഞ്ഞമാസം ഇറക്കിയ സര്‍ക്കുലര്‍ ഇതിന് തെളിവാണെന്നും തീ പിടിക്കാതിരിക്കാന്‍ ജാഗ്രതാ നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പ്രോട്ടോക്കോള്‍ ഓഫീസിലെ ചില ജീവനക്കാര്‍ക്കുമാത്രം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തീ അണച്ച് അല്പം കഴിഞ്ഞപ്പോള്‍ത്തന്നെ പ്രധാനഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അഡിഷണല്‍ സെക്രട്ടറി പറഞ്ഞു. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ്? തീപിടിത്തമുണ്ടായപ്പോള്‍ സി പി എം അനുകൂല സംഘടനാ നേതാക്കള്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവര്‍മാത്രം അവിടെ എങ്ങനെ എത്തി? സ്വര്‍ണക്കടത്തുകേസിലെ സുപ്രധാന തെളിവുകള്‍ സര്‍ക്കാര്‍ മനപൂര്‍വം നശിപ്പിക്കുകയാണ്. തിരുവനന്തപുരത്ത് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ ഓടിയെത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് സെക്രട്ടേറിയറ്റില്‍ എത്തിയില്ല. തീപിടിത്തവും എന്‍ ഐ എ അന്വേഷണ പരിധിയില്‍ വരണമെന്നാണ് ബി ജെ പി ആവശ്യപ്പെടുന്നത്-സുരേന്ദ്രന് വ്യക്തമാക്കി
ചീഫ് സെക്രട്ടറി ഐ എ എസുകാരനാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരിപ്പുസൂക്ഷിപ്പുകാരനാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post